യുവതിയെ റോഡിൽ കുത്തിവീഴ്ത്തി; ഭർത്താവ് അറസ്റ്റിൽ
Mail This Article
പുതുക്കാട് ∙ ബസ് ഇറങ്ങി ബാങ്കിലേക്ക് ജോലിക്കു പോവുകയായിരുന്ന കൊട്ടേക്കാട് ഒളസിക്കൽ വീട്ടിൽ ബിബിതയെ (28) നടുറോഡിൽ കുത്തിവീഴ്ത്തി. ഭർത്താവ് കേച്ചേരിയിൽ താമസിക്കുന്ന കുരിയച്ചിറ കൂള ലസ്റ്റിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 9.25ന് ബസാർ റോഡിലായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബസാർ റോഡിൽ പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയിലെ താൽക്കാലിക ജീവനക്കാരിയാണ് ബിബിത. ഇപ്പോൾ പെരുമ്പാവൂരിൽ താമസിക്കുന്ന ബിബിത ബസ് ഇറങ്ങി ബാങ്കിലേക്ക് വരികയായിരുന്നു. ഒരു കടയ്ക്ക് സമീപം ബിബിതയെ ആക്രമിക്കാൻ കാത്തിരിക്കുകയായിരുന്നു ലസ്റ്റിൻ.
ലസ്റ്റിനെ കണ്ടതോടെ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് ബിബിത തിരിഞ്ഞോടി. പിന്നാലെ കത്തിയുമായി ഓടിയെത്തിയ ലസ്റ്റിൻ ബിബിതയെ കുത്തുകയായിരുന്നു. 9 കുത്തേറ്റു. വയറ്റിൽ ഏറ്റ കുത്താണ് ഗുരുതരമായത്. ആളുകൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. സ്ത്രീകളടക്കമുള്ള മറ്റുയാത്രക്കാർ ചേർന്നാണ് ബിബിതയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. 10 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 3 വർഷമായി ഇവർ അകന്നാണ് കഴിയുന്നത്.
ഇവരുടെ ഏകമകൻ ലസ്റ്റിനോടൊപ്പമാണ്. ബിബിത മാറിത്താമസിക്കുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ലസ്റ്റിൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് ഒരുതവണ ബാങ്കിൽവച്ചും ലസ്റ്റിൻ ബിബിതയെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. എസ്എച്ച്ഒ വി.സജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.