മരണപ്പാച്ചിൽ ഒഴിവാക്കി സ്വയം നന്നാകാൻ സ്വകാര്യ ബസുകൾ
Mail This Article
ഇരിങ്ങാലക്കുട∙ റോഡിലെ മരണപ്പാച്ചിൽ ഒഴിവാക്കാൻ തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിലെ ഒരു വിഭാഗം സ്വകാര്യ ബസുകൾ രംഗത്ത്. നൂറ്റിപ്പത്തോളം ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലെ എഴുപത് ബസുകൾ ആർടിഒ അനുവദിച്ച പെർമിറ്റ് സമയമെടുത്ത് ഓടാനുള്ള തീരുമാനത്തിലാണ്. നാളെ ആദ്യ ട്രിപ് മുതൽ ഇത് നടപ്പിലാകും. 40 കീ.മീ ദൂരം വരുന്ന തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകൾക്ക് ഓർഡിനറി ബസുകൾക്ക് 90 മിനിറ്റും ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് 76 മിനിറ്റുമാണ് പെർമിറ്റിൽ അനുവദിച്ചിട്ടുള്ള സമയം.
എന്നാൽ അസോസിയേഷൻ തീരുമാനം എന്ന പേരിൽ ഓർഡിനറി ബസുകൾ 85 മിനിറ്റും ലിമിറ്റഡ് സ്റ്റോപ് ബസുകൾ 70 മിനിറ്റും എടുത്താണ് ഇതുവരെ ഓടിയിരുന്നത്. ഈ പാച്ചിൽ നിർത്താനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം ബസ് ഉടമകളും ജീവനക്കാരും ഇപ്പോൾ എത്തിയിരിക്കുന്നത്. പെർമിറ്റിൽ അനുവദിച്ച സമയത്തെക്കാൾ കുറഞ്ഞ സമയമെടുത്ത് ഓടുന്നതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും മറ്റു പ്രശ്നങ്ങളും പെരുകിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ബസ് ഉടമകൾ പറഞ്ഞു. തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ ഓർഡിനറി ബസുകൾക്ക് 78 സ്റ്റോപ്പും ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് 33 സ്റ്റോപ്പുമാണ് ഉള്ളത്.
ഇവിടങ്ങളിൽനിന്നു യാത്രക്കാരെ കയറ്റാനുള്ള പാച്ചിലാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിവച്ചത്. പെർമിറ്റിൽ അനുവദിച്ച സമയത്തിന് ഓടാൻ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആർടിഒ, കലക്ടർ, എസ്പി ഉൾപ്പെടെയുള്ളവർക്കുമുന്നിൽ നേരത്തെ നിവേദനങ്ങളെത്തിയിരുന്നു. ബസ് അപകടങ്ങൾ തുടർക്കഥ ആയതോടെ മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ ഓഫിസിൽ എല്ലാ ബസുടമകളെയും ഉൾപ്പെടുത്തി യോഗം വിളിച്ചുചേർത്തെങ്കിലും പെർമിറ്റ് സമയത്ത് ഓടാൻ തയാറല്ലെന്ന് ഒരുപക്ഷം അറിയിച്ചു. ഇതോടെയാണ് ഭൂരിഭാഗം പേർ ഉൾപ്പെടുന്ന വിഭാഗം പുതിയ തീരുമാനമായി രംഗത്തുവന്നത്.
തൃശൂർ കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ബസ് സർവീസുകൾക്ക് പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പുതിയ തീരുമാനത്തെ പിന്തുടർന്ന് കൂടുതൽ പേർ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉടമകൾ പറഞ്ഞു. നാളെ പെർമിറ്റ് സമയക്രമത്തിൽ ഓടുന്നതിനു മറ്റു തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് 35 പേർ ഒപ്പിട്ട നിവേദനം കലക്ടർക്കും ആർടിഒയ്ക്കും നൽകിയിട്ടുണ്ട്.