മെഡിക്കൽ കോളജ് ആംബുലൻസ് ഡ്രൈവർമാരുടെ സ്വകാര്യ സർവീസ്: പ്രിൻസിപ്പൽ റിപ്പോർട്ട് തേടി
Mail This Article
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരിൽ ചിലർ സ്വകാര്യ ആംബുലൻസ് സർവീസ് നടത്തുന്ന പരാതിയെക്കുറിച്ചു റിപ്പോർട്ട് തേടിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ അറിയിച്ചു. നെഞ്ചു രോഗാശുപത്രിയിലെ രണ്ട് ആംബുലൻസുകൾ ഗാരിജിൽ കിടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർ സ്വകാര്യ ആംബുലൻസുമായെത്തി രോഗിയെ കയറ്റി വാടക പോകുന്ന വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മെഡിക്കൽ കോളജിലെ രണ്ട് ആശുപത്രികളിലെ ആംബുലൻസുകളെയും ഡ്രൈവർമാരെയും ഏക പൂളിലാക്കി സർവീസ് നടത്താൻ 2016ൽ അധികൃതർ തീരുമാനമെടുത്തിരുന്നു. ഇതിനായി ചേർന്ന ഉന്നത തല യോഗത്തിന്റെ പ്രധാന തീരുമാനം ആശുപത്രി സർവീസിലുള്ള ഡ്രൈവർമാർ ആരും ആശുപത്രി കോംപൗണ്ടിൽ സ്വകാര്യ ആംബുലൻസ് സർവീസ് നടത്തുകയോ ഡ്രൈവർമാരായി ജോലി ചെയ്യുകയോ ചെയ്യരുത് എന്നായിരുന്നു. പല ഡ്രൈവർമാർക്കും ബിനാമി പേരുകളിലുള്ള സ്വന്തം ആംബുലൻസുകളുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.