ആസ്വാദകമനം നിറച്ച് ചെമ്പൈ വേദിയിൽ പഞ്ചരത്ന കീർത്തനാലാപനം
Mail This Article
ഗുരുവായൂർ ∙ ചെമ്പൈ സംഗീത സദസ്സിൽ ആസ്വാദകരുടെ മനം നിറച്ച് ഒരു മണിക്കൂർ പഞ്ചരത്ന കീർത്തനാലാപനം. നൂറോളം സംഗീതജ്ഞർ ഗണപതി സ്തുതിയോടെ കച്ചേരിക്ക് തുടക്കമിട്ടു. ത്യാഗരാജ സ്വാമികളുടെ ജഗദാനന്ദകാരക.. (നാട്ട രാഗം), ദുഡുക്കുഗല.. (ഗൗള), സാധിഞ്ചനേ.. (ആരഭി), കനകനാരുചിര.. (വരാളി), എന്തരോ മഹാനുഭാവലു (ശ്രീ) എന്നീ പ്രശസ്തങ്ങളായ പഞ്ചരത്ന കീർത്തനങ്ങൾ ആലപിച്ചു.
എൻ.കെ. അക്ബർ എംഎൽഎ, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തുടങ്ങി നിറഞ്ഞു കവിഞ്ഞ സദസ്സ് കച്ചേരി ആസ്വദിച്ചു. ഡോ. ചേർത്തല കെ.എൻ. രംഗനാഥ ശർമ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, പാർവതിപുരം പത്മനാഭ അയ്യർ, അടൂർ സുദർശനൻ, ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി, ഡോ. ഗുരുവായൂർ കെ.മണികണ്ഠൻ, മാതംഗി സത്യമൂർത്തി, ഡോ. ബി. അരുന്ധതി, ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ.എൻ.ജെ.നന്ദിനി എന്നിവർ കച്ചേരി നയിച്ചു.
തിരുവിഴ ശിവാനന്ദൻ, ഇടപ്പള്ളി അജിത്ത് കുമാർ, കണ്ടാദേവി വിജയരാഘവൻ, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ്. ആനന്ദ് (വയലിൻ) , പ്രഫ. വൈക്കം പി.എസ്.വേണുഗോപാൽ, എൻ.ഹരി, ജി.ചന്ദ്രശേഖരൻ നായർ, ഡോ. കെ.ജയകൃഷ്ണൻ, കുഴൽമന്ദം ജി. രാമകൃഷ്ണൻ (മൃദംഗം), ഡോ. പി. പത്മേഷ് (പുല്ലാങ്കുഴൽ) ശങ്കര സുബ്രഹ്മണ്യം (ഗഞ്ചിറ), മാഞ്ഞൂർ ഉണ്ണിക്കൃഷ്ണൻ, കോവൈ സുരേഷ്, ഉഡുപ്പി ബാലകൃഷ്ണൻ (ഘടം), കണ്ണൂർ സന്തോഷ്, പരവൂർ ഗോപകുമാർ, തിരുനക്കര രതീഷ്, പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മുഖർശംഖ്), ജ്യോതി ദാസ് ഗുരുവായൂർ, ഇരിങ്ങാലക്കുട നന്ദകുമാർ (ഇടയ്ക്ക) എന്നിവർ പക്കമേളം ഒരുക്കി.