വെള്ളം വറ്റിച്ചില്ല; ഇനി കൃഷിയില്ലെന്ന് കർഷകർ
Mail This Article
ചാഴൂർ∙ 10 ദിവസമായി മുങ്ങിക്കിടക്കുന്ന കൃഷിയിലെ വെള്ളം സമയത്തിനു വറ്റിക്കാത്തതിനാൽ ചാഴൂർ കോവിലകം പാടശേഖരത്തിലെ നാലുമുറി, കാരേക്കോൾ പടവുകളിലെ നൂറോളം ഏക്കർ തരിശിടുകയാണെന്ന് കർഷകർ. 10 ദിവസം മുൻപ് അന്തിക്കാട് എഡിഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ്, ചാഴൂർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റുമാർ, പടവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് ചർച്ച നടത്തി ഈ പടവുകളിലെ വെള്ളം വറ്റിക്കുന്നതിന്റെ ചുമതല അന്തിക്കാട് പാടശേഖരകമ്മിറ്റിയെ എൽപ്പിച്ചിരുന്നു. പമ്പിങ് നടത്തേണ്ട 500–ാം തറയുടെ താക്കോലും കൈമാറിയിരുന്നുവെന്നും കർഷകർ പറഞ്ഞു.
എന്നാൽ മഴ മാറി ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളം വറ്റിക്കാത്തതിനെ തുടർന്ന് ഈ പടവുകളിലെ കർഷകർ കഴിഞ്ഞ ദിവസം പഴുവിൽ വെസ്റ്റിലുള്ള ചാഴൂർ കൃഷി ഭവൻ ഉപരോധിച്ചു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ അന്തിക്കാട് എഡിഎ വീണ്ടും യോഗം വിളിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, പടവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് ചർച്ച നടത്തി. തുടർന്ന് ഇന്നലെ ഉച്ചമുതൽ അന്തിക്കാട് പാടശേഖരസമിതിക്കാർ അഞ്ഞൂറാംതറയിലെ മോട്ടർ ഉപയോഗിച്ച് പമ്പിങ് തുടങ്ങി.
എന്നാൽ, ഇത്രയും ദിവസം വൈകിപ്പിച്ച ശേഷം പമ്പിങ് തുടങ്ങിയിട്ടു കാര്യമില്ലെന്ന് കർഷകർ പറഞ്ഞു. കൃഷിയിറക്കി 5 ദിവസം മുതൽ ഒരാഴ്ച വരെയാകുമ്പോഴേക്കും 2 അടി ഉയരത്തിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നെൽച്ചെടികളിൽ ഇനി ഒന്നുമുണ്ടാകില്ലെന്ന് അവർ പറയുന്നു. വെള്ളം വറ്റിച്ച് കൃഷിയിറക്കാമെന്ന് വച്ചാൽ വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പെന്നും ഇനിയും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുമാണ് കർഷകരുടെ ആശങ്ക.
അതേസമയം, അന്തിക്കാട് പാടശേഖരത്തിലെ കായലിക്കോൾ, പുള്ള്, അയ്യപ്പൻകോൾ, ഭഗവതിക്കോൾ എന്നിവിടങ്ങളിലെ കൃഷിയും മുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഈ പടവുകളിലെ വെള്ളം പമ്പ് ചെയ്ത് മാറ്റിയാൽ മാത്രമേ കോവിലകം പടവിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാൻ കഴിയുമായിരുന്നുള്ളുവെന്നും അന്തിക്കാട് പാടശേഖര കമ്മിറ്റി പ്രസിഡന്റ് സുധീർ പാടൂർ പറഞ്ഞു.