പദ്ധതിയുണ്ട്, ഫണ്ടുണ്ട്, പണിയുന്നില്ല..; ‘കുളമായി’ മനക്കുളം നവീകരണ പദ്ധതി
Mail This Article
ചാലക്കുടി ∙ പദ്ധതിയും ഫണ്ടുമുണ്ടെങ്കിലും കൂടപ്പുഴ മനക്കുളം നവീകരണ പദ്ധതി ‘വെള്ളത്തിൽ’ തന്നെ. ഒരേക്കർ വിസ്തൃതിയുള്ള കുളം നവീകരിക്കാനായി നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചിരുന്നതായി കൗൺസിലർ സൂസി സുനിൽ അറിയിച്ചു. കരാറെടുത്തയാൾ നിർമാണം തുടങ്ങാൻ വൈകുന്നതു പ്രതിഷേധത്തിനു കാരണമാണെന്നും കൗൺസിലർ പറയുന്നു. വശങ്ങൾ കരിങ്കല്ല് ഉപയോഗിച്ചു കെട്ടി സംരക്ഷിക്കാനും കുളത്തിനു ചുറ്റും കൈവരി സ്ഥാപിക്കാനും ഇരിപ്പിടം സജ്ജമാക്കാനും ആണ് ലക്ഷ്യം.
5 ലക്ഷം രൂപ ചെലവഴിച്ചു കുളത്തിലേക്കുള്ള വഴി നേരത്തെ കോൺക്രീറ്റ് ചെയ്തിരുന്നു. ഫണ്ട് അനുവദിച്ചു മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമിക പ്രവർത്തനങ്ങൾ പോലും നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. നഗരസഭാ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായ കുളം പുല്ലും ചണ്ടിയും നിറഞ്ഞു മലിനമാണ്. അടിയിലെ മണ്ണ് ഒലിച്ചുപോയി സംരക്ഷണ ഭിത്തി പല ഭാഗത്തും പൊളിഞ്ഞ നിലയിലാണ്. 2 വർഷം മുൻപു നാട്ടുകാർ കുളം ശുചീകരിക്കാൻ ശ്രമം നടത്തിയിരുന്നു.