താണിപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി: വെള്ളം തുള്ളിത്തുളുമ്പിയൊഴുകി; നാട്ടുകാരുടെ മനം നിറഞ്ഞു
Mail This Article
പോട്ട ∙ താണിപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മോട്ടർ പ്രവർത്തിപ്പിച്ചതോടെ വെള്ളം തുള്ളിത്തുളുമ്പിയൊഴുകി; നാട്ടുകാരുടെ മനം നിറഞ്ഞു. മധുരം വിളമ്പി അവർ ആഹ്ലാദം പങ്കിട്ടു. ഇതോടെ ചാലക്കുടി നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഒന്നാം വാർഡിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി. 17 ലക്ഷം രൂപയാണു പദ്ധതി ചെലവ്. പാറമടയിൽ നിന്നു പമ്പിങ് നടത്താവുന്ന വിധത്തിൽ ഷെഡും ക്യാബിനും 20 എച്ച്പിയുടെ മോട്ടറും സ്ഥാപിച്ചു. വൈദ്യുത കണക്‌ഷൻ കഴിഞ്ഞ ദിവസം ലഭിച്ചു. പാറമടയിലെ വെള്ളം സംഭരിക്കാനുള്ള കോൺക്രീറ്റ് തടയണയ്ക്ക് 20 ലക്ഷം രൂപയിലേറെ നേരത്തേ ചെലവഴിച്ചിരുന്നു.
വിസ്തൃതമായ താണിപ്പാറ പാറമടയിലെ സുലഭമായ ജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കാനായി സ്ഥാപിച്ച പദ്ധതി സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ബിജു എസ്.ചിറയത്ത്, എം.എം.അനിൽകുമാർ, ദീപു ദിനേശ്, നഗരസഭ കൗൺസിലർമാരായ ജിജി ജോൺസൺ, ഷിബു വാലപ്പൻ, സൂസി സുനിൽ, റോസി ലാസർ, ബെറ്റി വർഗീസ്, കെ.എസ്.സുനോജ്, ജോജി കാട്ടാളൻ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോയ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
പൈപ്പ് ലൈൻ സ്ഥാപിക്കാൻ 20 ലക്ഷം
കൃഷിയിടങ്ങളിലേക്കു ജലം എത്താൻ കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വരും. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി വൈകാതെ ആരംഭിക്കും. ഒരു കിലോമീറ്ററോളം ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കാനായി സനീഷ്കുമാർ ജോസഫ് എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അനുമതികൾ നേരത്തെ ലഭിച്ചതിനാൽ മാർച്ചോടെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.