ഹനീഫ വധക്കേസ്: ആരോപണങ്ങൾ നിഷേധിച്ച് ഭാര്യ
Mail This Article
തൃശൂർ ∙ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എ.സി.ഹനീഫയുടെ വധക്കേസിന്റെ നടപടിക്രമങ്ങളും അദ്ദേഹത്തിന്റെ മരണശേഷം കെപിസിസി നൽകിയ ഫണ്ടും തമ്മിൽ ബന്ധമില്ലെന്നു ഭാര്യ ഷഫ്ന. ഹനീഫയുടെ സഹോദരൻ ഉമ്മറിന്റെ ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണ്. കെപിസിസി നൽകിയ തുകയിൽ ഹനീഫയുടെ ഉമ്മയുടെ പേരിൽ നിക്ഷേപിച്ച പണത്തിന്റെ പലിശ കഴിഞ്ഞ 9 വർഷമായി കൈപറ്റുന്നത് ഉമ്മറാണ്. ഇത് ഉമ്മയുടെ ചികിത്സയ്ക്കാണു ചെലവാക്കേണ്ടത്. ഈ സമയത്തൊന്നും ഉമ്മയെ ചികിത്സിക്കേണ്ട സാഹചര്യം വന്നിട്ടില്ല.
മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മയുടെ മരണശേഷമാണ് കെപിസിസി ഫണ്ടുമായി ബന്ധപ്പെട്ട കേസുമായി ഉമ്മർ കോടതിയിൽ പോയത്. ചികിത്സയ്ക്കു ഞാൻ പണം കൊടുത്തില്ലെന്നാണ് ആരോപണമെങ്കിൽ ഉമ്മ മരിക്കുന്നതിനു മുൻപാണു കേസു കൊടുക്കേണ്ടിയിരുന്നത്. മരണം വരെ ഉമ്മയ്ക്ക് തന്നോടോ മക്കളോടോ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും ഷഫ്ന പറഞ്ഞു.