പിണ്ടാണി കലുങ്കിനു സമീപം പൈപ്പ് പൊട്ടി; കൊടുങ്ങല്ലൂരും പുല്ലൂറ്റും ജലവിതരണം മുടങ്ങി
Mail This Article
കൊടുങ്ങല്ലൂർ ∙ നാരായണമംഗലം – മാള റോഡിൽ പിണ്ടാണി റേഷൻ കടയ്ക്കു സമീപം ജല അതോറിറ്റി പൈപ്പ് പൊട്ടി. വൈന്തല പമ്പ് ഹൗസിൽ നിന്നു നാരായണമംഗലം സംഭരണിയിലേക്കു വെള്ളം പമ്പ് ചെയ്യുന്ന 350 എംഎം പൈപ്പ് ആണ് പൊട്ടിയത്. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ്, ലോകമലേശ്വരം പ്രദേശത്തേക്കു ശുദ്ധജല വിതരണം മുടങ്ങി. കാലപ്പഴക്കം ചെന്ന പൈപ്പ് കഴിഞ്ഞ രാത്രിയാണു പൊട്ടിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ശുദ്ധജല വിതരണം ഇന്നു പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ദ്രവിച്ച പൈപ്പുകളിൽ ചോർച്ചയുള്ള ഭാഗം മാറ്റും. 2 മാസം മുൻപ് പിണ്ടാണി കൽവർട്ടിനു സമീപം പൈപ്പ് പൊട്ടിയിരുന്നു. കാലപ്പഴക്കം ചെന്നവ മാറ്റാത്തതിനാൽ കൊടുങ്ങല്ലൂർ – വൈന്തല ഭാഗത്തെ പൈപ്പുകളിൽ പലയിടത്തും ചോർച്ചയുണ്ട്. മാള – നാരായണമംഗലം റോഡിൽ വെള്ളൂർ, നാരായണമംഗലം എന്നിവിടങ്ങളിലായി വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നുണ്ട്.