ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഭിന്നശേഷി യുവതിയെ സ്ത്രീ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; സമീപത്തുള്ള പഴക്കടയും അടിച്ചുതകർത്തു
Mail This Article
പുതുക്കാട് ∙ ഉഴിഞ്ഞാൽപാടം പാലത്തിനു സമീപം വഴിയരികിൽ ലോട്ടറി വിൽപന നടത്തുന്ന ഭിന്നശേഷിയുളള യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ചു. ചാലക്കുടി മേലൂർ നമ്പ്യാര് വീട്ടിൽ അമ്പിളിക്കാണ് (32) പരുക്കേറ്റത്. ഉച്ചയോടെയാണ് സംഭവം.ലോഡ്ജ് നടത്തുന്ന സ്ത്രീയാണ് ഇവരെ ആക്രമിച്ചത്. മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്ന അമ്പിളിയുടെ അരികിലെത്തിയ സ്ത്രീ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.മുഖത്ത് ചെളി വാരിതേച്ച ശേഷം അടിക്കുകയും ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
മുച്ചക്ര വാഹനവും സമീപത്തുള്ള പഴക്കടയും സ്ത്രീ അടിച്ചുതകർത്തു. ആക്രമണം കണ്ട് നാട്ടുകാർ ഓടിയെത്തിയാണ് അമ്പിളിയെ രക്ഷിച്ചത്. അമ്പിളി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.