രണ്ടിടത്ത് വാഹനാപകടം; വൈദ്യുത പോസ്റ്റുകളും വാഹനങ്ങളും തകർന്നു
Mail This Article
എരുമപ്പെട്ടി∙ സംസ്ഥാന പാതയിൽ കരിയന്നൂർ കുഞ്ഞിപ്പാപ്പ ജാറം പള്ളിക്കു സമീപം നിയന്ത്രണം വിട്ട പിക്കപ് വാൻ റോഡരികിലെ വൈദ്യുതി പോസ്റ്റും റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ചു തകർത്തു. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആലത്തൂരിൽ നിന്ന് ചാവക്കാട്ടേക്ക് ബോട്ടിൽ വെള്ളവുമായി പോകുകയായിരുന്നു പിക്കപ് വാൻ. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് കടപൊട്ടി വീണു. വാഹനത്തിനും പോസ്റ്റിനും ഇടയിൽപെട്ട ബൈക്ക് പൂർണമായി തകർന്നു.
കടങ്ങോട് ശങ്കരൻകാവ് റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു, കമ്പികൾ റോഡിലേക്ക് പൊട്ടി വീണു. പോസ്റ്റിലിടിച്ച് കാർ എതിരെ വന്നിരുന്ന മറ്റൊരു കാറിലും ഇടിച്ചു. രണ്ടു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.