ADVERTISEMENT

തൃശൂർ ∙ നാട്ടാന സംരക്ഷണ നിയമ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവന്നാൽ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ ഉണ്ടാവുമെന്നു രമേശ് ചെന്നിത്തല. വിവിധ രാഷ്ട്രീയ കക്ഷികളെയും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി കേരള ഫെസ്റ്റിവൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെ (കെഎഫ്സിസി) നേതൃത്വത്തിൽ നടത്തിയ ഉത്സവരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം നടത്തുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവു പ്രായോഗികമല്ല.  കേരളത്തിൽ ജാതിമത വ്യത്യാസമില്ലാതെ  സമാധാനപരമായി നടക്കുന്ന ഉത്സവങ്ങൾ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം. ക്ഷേത്രങ്ങളിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നതിനു കാലങ്ങളായി പൊലീസിനുള്ള അവകാശം നിർത്തലാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ദൗർഭാഗ്യകരമായ വിധിയിൽ പൂരപ്രേമികൾ ആശങ്കയിലാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് വിവാദമായപ്പോൾ ആചാരം സംരക്ഷിക്കാൻ  സ്റ്റാലിൻ സർക്കാർ നിയമം കൊണ്ടുവന്നു. അതുപോലെ സംസ്ഥാന സർക്കാർ നാട്ടാന സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാൽ ബിജെപിയുടെ പൂർണപിന്തുണയുണ്ടാകും. പെസോ നിയമം വെടിക്കെട്ടിനു തടസ്സമാണെങ്കിലും പെസോ വന്നതിനു ശേഷവും കേരളത്തിൽ ഉത്സവങ്ങളും വെടിക്കെട്ടും നടന്നു. ശബരിമല മോഡൽ നടപ്പാക്കിയാണെങ്കിലും പൂരം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

നാട്ടാന പരിപാലന നിയമത്തിൽ സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നാൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകാൻ  കെ. സുരേന്ദ്രൻ സഹായിക്കേണ്ടിവരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതാണ് ഉത്സവരക്ഷാ സംഗമമെന്നു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ സാധിക്കില്ലെന്നും ഉത്സവങ്ങൾ നിയമപരിരക്ഷയോടെ നടത്തുന്നതിനു നിയമനിർമാണമുണ്ടാകണമെന്നും വെടിക്കെട്ട് (പെസോ) നിയമത്തിൽ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നാൽ പൂർണപിന്തുണ നൽകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഫെസ്റ്റിവൽ കോ ഓഡിനേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.കുമാരൻ അധ്യക്ഷത വഹിച്ചു. പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, മോൺ.ജോസ് കോനിക്കര, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ജി.രാജേഷ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, ടി.വി.ചന്ദ്രമോഹൻ, കെ.കെ.വത്സരാജ്, എം.പി.സുരേന്ദ്രൻ, പി.എം.സുരേഷ്, വി.എം.അൻസാരി, ബൈജു താഴേക്കാടൻ, ജോസഫ് ചാലിശേരി, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, എ.പ്രസാദ്, കെഎഫ്സിസി ജില്ലാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

English Summary:

Ramesh Chennithala announced the opposition's support for amending the Captive Elephant Protection Act during the Utsava Raksha Sangamam. He also criticized the High Court's recent order regarding the conduct of Thrissur Pooram, calling it impractical.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com