കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റ്: തൃശൂർ സെന്റ് തോമസും ക്രൈസ്റ്റ് കോളജും മുന്നിൽ
Mail This Article
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജിന്റെയും (36 പോയിന്റ്), വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെയും (19) മുന്നേറ്റം. പുരുഷവിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (16), പാലക്കാട് വിക്ടോറിയ കോളജ് (6) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വനിതാവിഭാഗത്തിൽ 18 പോയിന്റുമായി തൃശൂർ വിമല കോളജ് രണ്ടാം സ്ഥാനത്തും 15 പോയിന്റുമായി പാലക്കാട് മേഴ്സി കോളജ് മൂന്നാമതുമാണ്.
പുരുഷവിഭാഗം ഡിസ്കസ് ത്രോയിൽ തൃശൂർ സെന്റ് തോമസ് കോളജിന്റെ അലക്സ് പി.തങ്കച്ചൻ റെക്കോർഡിട്ടു (53.02 മീറ്റർ). 2015ൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെ രാഹുൽ രതീഷ് സ്ഥാപിച്ച 50.75 മീറ്ററിന്റെ റെക്കോർഡാണ് അലക്സ് മറികടന്നത്. 100 മീറ്ററിൽ മിന്നൽക്കുതിപ്പുമായി പാലക്കാട് ഗവ. വിക്ടോറിയ കോളജിന്റെ കെ.ആർ.റിജിത്ത് (10.67 സെക്കൻഡ്), പാലക്കാട് മേഴ്സി കോളജിന്റെ എസ്.മേഘ (11.96) എന്നിവർ വേഗതാരങ്ങളായി. മേളയുടെ മൂന്നാം ദിനമായ ഇന്ന് 13 ഇനങ്ങളിൽ ഫൈനൽ നടക്കും. നാളെയാണ് സമാപനം.
സ്വർണനേട്ടവുമായി തൗഫീറ
കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ തുടർച്ചയായ രണ്ടാം വർഷവും ഷോട്പുട്ടിൽ സ്വർണം നേടി സി.പി.തൗഫീറ. കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11.18 മീറ്റർ എറിഞ്ഞാണ് സ്വർണം സ്വന്തമാക്കിയത്. തൃശൂർ വിമല കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
മികവ് ആവർത്തിച്ച് മീര
മീര ഷിബുവിന്റെ പ്രധാന മത്സരയിനം ട്രിപ്പിൾ ജംപാണ്. അതിനുള്ള ഒരുക്കത്തിനിടെ വന്ന ലോങ്ജംപിലും സ്വർണം നേടി ഈ മിടുക്കി. കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ 5.87 മീറ്റർ ദൂരം പിന്നിട്ടാണ് സ്വർണ നേട്ടത്തിനുടമയായത്. ഇനി ട്രിപ്പിൾ ജംപിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം അഖിലേന്ത്യാ അന്തർസർവകലാശാലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയിരുന്നു. പിതാവും മുൻ കായിക താരവുമായ ഷിബു ആന്റണിയാണ് ലോങ്ജംപിൽ മീരയുടെ പരിശീലകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ എംകോം രണ്ടാം വർഷ വിദ്യാർഥി. സരിത ഷിബു ആണ് മാതാവ്. ഇരിങ്ങാലക്കുട വെള്ളാനി സ്വദേശി.
അവസാന ത്രോയിൽ നിതിന് സ്വർണദൂരം
അവസാന ത്രോയിൽ സ്വർണദൂരം കണ്ടെത്തി തൃശൂർ സെന്റ് തോമസ് കോളജിന്റെ നിതിൻ സജി. കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ ഹാമർത്രോയിൽ 49.16 മീറ്റർ ദൂരമാണ് നിതിൻ എറിഞ്ഞത്. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു. എംഎ ഇംഗ്ലിഷ് അവസാനവർഷ വിദ്യാർഥി.
എതിരില്ലാതെ അനശ്വര
400 മീറ്ററിൽ തകർപ്പൻ വിജയവുമായി കെ.അനശ്വര. തുടർച്ചയായ രണ്ടാം വർഷമാണ് ഇതേ ഇനത്തിൽ കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ സ്വർണമണിയുന്നത്. 56.76 സെക്കൻഡാണ് ഫിനിഷ് ചെയ്യാനെടുത്ത സമയം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ എംഎസ്ഡബ്ല്യൂ വിദ്യാർഥി.
മാറ്റു കുറയാതെ അഭിരാം
സർവകലാശാലാ തലത്തിലെ ആദ്യ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ തന്നെ 400 മീറ്ററിൽ സ്വർണമണിഞ്ഞ് പി.അഭിരാം. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ മീറ്റിൽ 3 സ്വർണം നേടിയ അഭിരാം, തന്റെ കോളജ് പ്രവേശനത്തിലും മാറ്റുകുറച്ചില്ല. 400 മീറ്റർ 47.70 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണം നേടിയത്. തൃശൂർ സെന്റ് തോമസ് കോളജിൽ ബികോം ഒന്നാംവർഷ വിദ്യാർഥി.
റെക്കോർഡ് എറിഞ്ഞിട്ട് അലക്സ്
ഡിസ്കസ് ത്രോയിൽ 9 വർഷം മുൻപത്തെ റെക്കോർഡ് എറിഞ്ഞിട്ട് അലക്സ് പി.തങ്കച്ചൻ. കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ 53.2 മീറ്റർ എറിഞ്ഞാണ് അലക്സ് മീറ്റ് റെക്കോർഡിട്ടത്. 2015ൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജിനുവേണ്ടി രാഹുൽ രതീഷ് സ്ഥാപിച്ച റെക്കോർഡ് (50.75 മീറ്റർ) ഇതോടെ പഴങ്കഥയായി. തൃശൂർ സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിയാണ്.