പാണ്ടൻ കുളത്തിന്റെ ശൗര്യം പണ്ടേക്കാൾ ഫലിക്കുന്നുണ്ട് ! കുളത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കം
Mail This Article
കോനൂർ ∙ വികസനത്തിന്റെ വ്യത്യസ്തതയുടെ നേർകാഴ്ചയുമായി ഇതാ പാണ്ടൻകുളത്തിന് പുതിയ മുഖം. നാശോന്മുഖമായി കിടന്നിരുന്ന കൊരട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാറക്കൂട്ടത്തുള്ള പാണ്ടൻകുളത്തിനാണു നവീകരണം പൂർത്തിയാക്കി പുതുജീവൻ പകർന്നത്. നാട്ടുകാരും പഞ്ചായത്തും ചേർന്നാണ് 7മുള്ള കുളം നവീകരിച്ചത്. 15 ലക്ഷം രൂപയാണു ചെലവ്. പ്രദേശത്തെ കാർഷിക ജലസേചനത്തിനും ശുദ്ധജലലഭ്യതയ്ക്കും പ്രയോജനപ്പെടുന്നതാണ് ഈ ജലസ്രോതസ്സ്. ഒരു കാലത്ത് ഈ പ്രദേശത്തെ വലിയ ജലസ്ത്രോതസ്സായിരുന്നു കുളം പിന്നിടു കാടു കയറി വശങ്ങൾ ഇടിഞ്ഞു നാശത്തിന്റെ വക്കിലെത്തി.
‘തെളിനീരൊഴുകട്ടെ’ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു കുളം വീണ്ടെടുത്തത്. അര ഏക്കറിലധികം വിസ്തൃതിയുള്ള കുളത്തിലേക്കു പോകാൻ വരമ്പ് വീതി മാത്രം ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്നു പഞ്ചായത്ത് അംഗം കെ.ആർ.സുമേഷ് മുൻകയ്യെടുത്തതോടെ നാട്ടുകാർ 2.5 മീറ്റർ വീതിയിൽ സൗജന്യമായി സ്ഥലം ലഭ്യമാക്കി വഴി ഒരുങ്ങി. 110 മീറ്റർ വഴി ടൈൽ പാകിയും ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി സ്ഥാപിച്ചും സംരക്ഷണ ഗാർഡുകളും ഒരുക്കിയായിരുന്നു നവീകരണം. രണ്ടാം ഘട്ടമായി സൗരോർജ വിളക്കുകൾ സ്ഥാപിക്കാനും ഓപ്പൺ ജിംനേഷ്യം, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കാനും ലക്ഷ്യമിടുന്നതായി കെ.ആർ.സുമേഷ് അറിയിച്ചു.