കാവടിപ്പാലം: പുനർനിമാർണം തുടങ്ങി, ആശങ്കയും
Mail This Article
അതിരപ്പിള്ളി ∙ ചാർപ്പയിൽ പാതിയിൽ നിലച്ച കാവടി പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു. ആനമല പാതയിൽ ചാർപ്പ പാലത്തിനു സമാന്തരമായാണു വെള്ളച്ചാട്ടത്തിനു സമീപം പുതിയ പാലം നിർമിക്കുന്നത്. ഇതിനുവേണ്ടി ബ്രിട്ടിഷ് നിർമിത പാലം പൊളിച്ചു മാറ്റിയിരുന്നു. 3 വർഷം മുൻപ് ആരംഭിച്ച പാലം പണി പലവട്ടം തടസ്സപ്പെട്ടു. മഴക്കാലത്തു മാത്രം കാണാനാകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം മറയ്ക്കുന്ന വിധമാണു പുതിയ പാലം നിർമിക്കുന്നതെന്നു ആക്ഷേപമുണ്ട്.
2020 ൽ ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം വകയിരുത്തിയാണു പാലത്തിന്റെ നിർമാണം. മഴയോടൊപ്പം നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കാൻ ആയിരക്കണക്കിനു സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. പോയ വർഷങ്ങളിൽ വെള്ളച്ചാട്ടം കാണാനായി എത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. അതിരപ്പിള്ളി മേഖലയിൽ ഏറ്റവും അടുത്തു നിന്നു കാണാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണിത്.സിനിമ ചിത്രീകരണങ്ങളും ഇവിടെ വച്ച് നടക്കാറുണ്ട്.
പാലം പണി തുടങ്ങിയതു മുതൽ വിനോദ കേന്ദ്രം വിജനമായിരുന്നു. 50 മീറ്റർ നീളവും 4 മീറ്റർ വീതിയുള്ള പാലത്തിൽ ടൈൽ വിരിക്കുന്ന ജോലികൾ ആരംഭിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പാലത്തിന്റെ വശങ്ങളിൽ 4 മീറ്റർ ഉയരത്തിൽ ഹാൻഡ് റെയിൽ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തും. പാലത്തിൽ പ്രവേശിക്കുന്ന ഇരുവശങ്ങളിലും പ്രതലം ഓടു വിരിച്ച് മോടി കൂട്ടും. ജനുവരി പകുതിയോടെ നിർമാണം പൂർത്തിയാകുമെന്നു അധികൃതർ അറിയിച്ചു.മഴക്കാലങ്ങളിൽ പാലത്തിൽ നിന്നുള്ള കാഴ്ച സംബന്ധിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്ക ഒഴിയുന്നില്ല.
കോനൂർ നാലാം വാർഡിൽ പാലം നാളെ നാടിനു സമർപ്പിക്കും
കൊരട്ടി ∙ പഞ്ചായത്ത് കോനൂർ നാലാം വാർഡിൽ എലവുംകുന്ന്, കാരുണ്യ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന കനാൽപാലം നിർമാണം പൂർത്തിയാക്കി. പ്രദേശവാസികൾ 16 വർഷമായി കാത്തിരുന്ന പാലമാണ് യാഥാർഥ്യാമായത്. നാളെ 5.30നു സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നടത്തുമെന്നു പഞ്ചായത്ത് അംഗം ബിജി സുരേഷ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അധ്യക്ഷത വഹിക്കും.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പാലത്തിന്റെ നിർമാണം.