സ്ലൈഡിങ് ഗേറ്റിന്റെ ചക്രം ഊരിപ്പോയി, അപകടം; പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത് അമ്മയുടെ സമയോചിത ഇടപെടൽ
Mail This Article
കൊടുങ്ങല്ലൂർ ∙ വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നു പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്താനായതു അമ്മയുടെ സമയോചിതമായ ഇടപെടൽ. അഴീക്കോട് മാർ തോമാ തീർഥാടന കേന്ദ്രത്തിനു സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് സംഭവം. ബിജോയിയുടെ രണ്ടു വയസ്സുകാരനായ മകൻ കെൻസ് അമ്മ ഗ്രീഷ്മക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മ സ്ലൈഡിങ് ഗേറ്റ് തുറന്നപ്പോൾ കെൻസ് ഗേറ്റിനു അടുത്തു ചെന്നു നിന്നു. ഗേറ്റ് തുറന്നു ഗ്രീഷ്മ ഗേറ്റിൽ നിന്നു പിടി വിട്ടതോടെ ഗേറ്റ് നിലം പതിക്കുകയായിരുന്നു.
അപകടം കണ്ട ഗ്രീഷ്മ പൊടുന്നനെ ഗേറ്റ് താങ്ങി പിടിച്ചു കുട്ടിയെ പരുക്കേൽക്കാതെ രക്ഷപ്പെടുത്തി.ബഹളമുണ്ടാക്കി മറ്റുള്ളവരെ വിളിച്ചു കൂട്ടി ഗേറ്റ് കെട്ടി വയ്ക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ആയിരുന്നു അപകടം. വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അപകട ദൃശ്യങ്ങൾ കണ്ടത്. പിന്നീട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ ദൃശ്യം വൈറൽ ആയി. സ്ലൈഡിങ് ഗേറ്റിന്റെ ചക്രം ഉൗരിപ്പോയതായിരുന്നു അപകട കാരണം.