പുള്ള് ആശ്വാസ കേന്ദ്രം: 2 തവണ നിർമാണം മുടക്കിയ കരാറുകാരനെ പിരിച്ചുവിട്ടു
Mail This Article
പുള്ള്∙ പുള്ള് ആശ്വാസകേന്ദ്രത്തിന്റെ പണി 6 വർഷത്തിനുള്ളിൽ 2 തവണ പൂർത്തിയാക്കാതെ ഉപേക്ഷിച്ചുപോയ കരാറുകാരനെ പിരിച്ചുവിട്ടു. മരാമത്ത് വകുപ്പ് വീണ്ടും ടെൻഡർ വിളിച്ചെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. അടച്ചുറപ്പില്ലാത്തതിനാൽ കെട്ടിടം നായ്ക്കളുടെ താവളമായി തുടരുന്നു. നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നടത്താറുള്ള അവലോകന കമ്മിറ്റി യോഗം 3 മാസത്തിലേറെയായി ചേർന്നിട്ടില്ല.
റവന്യൂ വകുപ്പിന്റെ സ്ഥലത്ത് എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നു 2 കോടി രൂപ ചെലവഴിച്ചാണ് 2 നില കെട്ടിടം പണിതത്. ഇനി വാതിലുകളും ജനലുകളും ഘടിപ്പിക്കണം. തേപ്പും ശുചിമുറികളുടെ പണികളും ഫ്ലോറിങും പ്ലമിങും വൈദ്യുതീകരണവും കോണികളുടെ കൈവരിപ്പണികളും ബാക്കിയുണ്ട്. ഗീത ഗോപി എംഎൽഎയായിരുന്ന കാലത്താണു നിർമാണം തുടങ്ങിയത്. തറയും തുണുകളും പണിത് കരാറുകാരൻ ഉപേക്ഷിച്ചു പോയി. പിന്നീട് സി.സി.മുകുന്ദൻ എംഎൽഎയായി വന്നപ്പോഴും പണി ഇതേ കരാറുകാരനു നൽകി. 2 നില കെട്ടിടം ഉയർന്നുവെങ്കിലും പൂർത്തിയാക്കാതെ കരാറുകാരൻ വീണ്ടും ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.