‘കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ വെള്ളാരംകല്ലിൻമേൽ കാണാം’: തീരം തേടി വീണ്ടുമെത്തി; കടലാമ മുട്ടയിട്ടു
Mail This Article
ചാവക്കാട്∙ കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ വെള്ളാരംകല്ലിൻ മേൽ കാണാം എന്ന പഴമൊഴിയിൽ പതിരില്ലെന്ന് തെളിയിച്ച് മുൻപ് വിരിഞ്ഞിറങ്ങിയ അതേ കടൽത്തീരത്ത് തന്നെ മുട്ടയിടാൻ കടലാമകൾ തിരിച്ചെത്തി. ജില്ലയിലെ കടൽത്തീരത്ത് ഇൗ വർഷം ആദ്യമായാണ് കടലാമ മുട്ടയിട്ടത്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തെ ഫൈറ്റേഴ്സ് നഗറിലാണ് ഇന്നലെ കടലാമ മുട്ടയിട്ടത്. അടുത്ത കാലം വരെ പകൽസമയത്തും കടലാമകൾ മുട്ടയിടാൻ തീരത്തെത്തിയിരുന്നു. എന്നാൽ ജനവാസം കൂടിയതോടെ കടലാമകൾ പകൽ എത്താറില്ല.
കടലാമകൾ മുട്ടയിടുന്നത് ആരും കണ്ടില്ലെങ്കിലും ഇവയുടെ തുഴക്കാൽ അടയാളങ്ങൾ നോക്കിയാണ് ആമക്കൂട് കണ്ടെത്തുന്നത്. ലെതർ ബാക്ക് ടെർട്ടിൽ, ഗ്രീൻ ടർട്ടിൽ, ഹോക്സ് ബിൽ, ഒലീവ് റിഡ്‌ലി വിഭാഗത്തിലുള്ള ആമകളാണ് നമ്മുടെ കടപ്പുറത്ത് മുട്ടയിടാനെത്തുന്നത്.
മണലിലെ ചൂടുകൊണ്ട് 40 മുതൽ 55 ദിവസങ്ങൾക്കുള്ളിൽ ഇവ വിരിഞ്ഞിറങ്ങും. ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട ആമയാണ് ഫൈറ്റേഴ്സ് നഗറിൽ മുട്ടയിട്ടത്. 113 കടലാമ മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി. ക്ലബ് ഭാരവാഹികളായ സജിൻ ആലുങ്ങൽ, കെ.എസ്.സത്യൻ, എം.എൻ.അഭിനവ്, പി.വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ കടലാമ സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ട്.