8.5 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്: 3 പേരെ ബിഹാറിൽ ചെന്നു പിടികൂടി
Mail This Article
തൃശൂർ ∙ രണ്ടുപേരിൽ നിന്നായി 8,52,600 രൂപ സൈബർ തട്ടിപ്പു നടത്തിയ കേസിലെ 3 പ്രതികളെ തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് ഉത്തരേന്ത്യയിൽനിന്ന് പിടികൂടി. ബിഹാർ നവാഡ ജില്ലയിലെ ബിക്കാൺപുര സ്വദേശിയായ സഞ്ജയ്കുമാർ (27), പട്ന ജില്ലയിലെ ശിവപുരി സ്വദേശിയായ അഭിമന്യു സിങ് (36), ജാർഖണ്ഡ് മധുപുർ സ്വദേശിയായ ദിനുകുമാർ മണ്ഡൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബർ 14നു പെരിങ്ങാവ് സ്വദേശിയിൽ നിന്നാണ് തുക തട്ടിയെടുത്തത്. ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാൻ ഒരു വെബ്സൈറ്റ് ലിങ്ക് അയച്ചുകൊടുത്തു. തുടർന്ന് ഇദ്ദേഹം 1,38,500 രൂപ അയച്ചുകൊടുത്തു. പിന്നീട് സ്കൂട്ടറോ തുകയോ ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പാണെന്നു മനസ്സിലാക്കി തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കഴിഞ്ഞ മേയ് 2നു മറ്റൊരു കേസിൽ പുന്നയൂർ സ്വദേശിയുടെ ഫോണിലേക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതായുള്ള സന്ദേശവും ലിങ്കും അയച്ചുകൊടുക്കുകയും ബാങ്കിൽനിന്ന് എന്ന വ്യാജേന ഫോൺ വിളിച്ച് ഒടിപി കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയും ചെയ്തു. കമ്മിഷനർ ആർ.ഇളങ്കോയുടെ നിർദേശത്തെത്തുടർന്ന് ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തരേന്ത്യയിൽ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. എസ്ഐ ആർ.എൻ.ഫൈസൽ, അസി.എസ്ഐ വിനു കുര്യാക്കോസ്, സീനിയർ സിപിഒ വിനോദ് ശങ്കർ, സിപിഒമാരായ ഇ.എസ്.ഷിനിത്ത്, അനൂപ്, കെ.ശരത്ത്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.