ആരുണ്ട് എതിർക്കാൻ..? കോട്ടോൽകുന്നിൽ മണ്ണെടുപ്പു തുടരുന്നു
Mail This Article
പെരുമ്പിലാവ് ∙ എല്ലാ പ്രതിഷേധങ്ങളും കാറ്റിൽപറത്തി കോട്ടോൽകുന്നിലെ രണ്ടിടങ്ങളിൽ മണ്ണെടുപ്പു തുടരുന്നു. ചെങ്കുത്തായ സ്ഥലങ്ങളിൽ ഖനനം നടത്തുന്നതിനു കോടതിവിലക്കു നിലനിൽക്കുമ്പോഴാണ് കുന്നിന്റെ അന്ത്യം കുറിക്കുന്ന വിധത്തിൽ വലിയ തോതിൽ മണ്ണെടുപ്പു നടത്തുന്നത്. ദേശീയപാത നിർമാണത്തിന് എന്ന പേരിലാണു മണ്ണെടുപ്പിന് അനുമതി ലഭിച്ചത്. കടവല്ലൂർ പഞ്ചായത്തിലെ ആൽത്തറ മുല്ലപ്പിള്ളിക്കുന്നിൽ ഇതേ രീതിയിൽ അനുമതി ലഭിച്ച മണ്ണെടുപ്പ് കോടതിവിലക്കിനെത്തുടർന്നു രണ്ടാഴ്ച മുൻപു നിർത്തിവച്ചിരുന്നു.പട്ടികജാതി വിഭാഗത്തിനു സർക്കാർ നൽകിയ ഭൂമിയോടു ചേർന്നാണു ഒരു ഭാഗത്തു മണ്ണെടുപ്പെങ്കിൽ ഒട്ടേറെ വീടുകളും ക്ഷേത്രവും ഉൾപ്പെടുന്ന ഭാഗത്തിനു മുകളിലായാണു മറ്റൊരു ഖനനം നടത്തുന്നത്.
ഇരുഭാഗത്തെയും ജനങ്ങൾ ഇതുമൂലമുള്ള ദുരിതം അനുഭവിച്ചു തുടങ്ങി. ഭീമൻ ഉരുളൻകല്ലുകൾ നിറഞ്ഞ പ്രദേശമാണു കോട്ടോൽകുന്ന്. മണ്ണെടുപ്പിനുവേണ്ടി ഈ കല്ലുകൾ മാറ്റുന്നത് ശക്തിയായ പ്രകമ്പനത്തിനു കാരണമാകുന്നു എന്നു നാട്ടുകാർ പറയുന്നു. ഗ്രാമീണ റോഡുകളിലൂടെ വലിയ ലോറികൾ പോകുന്നതു മൂലമുള്ള പ്രശ്നങ്ങൾ വേറെയും. പട്ടികജാതി നഗറിലെ കാലപ്പഴക്കം ചെന്ന വീടുകൾ നാശഭീഷണിയിലാണെന്ന് ഇവർ പറഞ്ഞു.
രാത്രിയിലെ ശബ്ദവും പൊടിശല്യവും സ്വൈരജീവിതത്തിനു തടസ്സമാകുന്നു എന്നും ആരോപണമുണ്ട്. മണ്ണെടുപ്പിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കലക്ടർക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ജിയോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ചാണു മണ്ണെടുപ്പു തുടരുന്നതെന്നും ഉടൻ നടപടി വേണമെന്നും കുന്ന് സംരക്ഷണസമിതി ആവശ്യപ്പെട്ടു.