അവധിക്കു വരേണ്ട മോളേ ; അടച്ചുറപ്പുള്ള സ്ഥലമില്ല
Mail This Article
പുന്നയൂർക്കുളം ∙ ആലപ്പുഴജില്ലയിൽ പഠിക്കുന്ന കൊച്ചുമകളോട് ക്രിസ്മസ് അവധിക്കു നാട്ടിൽ വരേണ്ടന്ന് ഈ അമ്മമ്മ പറയാൻ കാരണമെന്തായിരിക്കും. താൻ കിടന്നുറങ്ങുന്ന വിറകു പുരയിൽ ഇനിയൊരാൾക്കു ഒരാൾക്കുകൂടി കിടക്കാൻ ഇടമില്ലാത്തതു കൊണ്ടായിരിക്കാം...ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതോടെ, കിഴക്കേ ചെറായി കരുമത്താഴത്ത് പരേതനായ കുട്ടന്റെ ഭാര്യ അമ്മിണിയും മകളുമാണ് വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടത്. അമ്മിണിയുടെ മരുന്നും വസ്ത്രങ്ങളും വീടിനകത്താണ്. രാത്രി ബന്ധു വീട്ടിൽ കഴിയുന്ന ഇവർ പകൽ വിറകുപുരയിൽ എത്തും. 3 ദിവസമായി ഇതാണ് അവസ്ഥ.
2014ൽ മകളുടെ വിവാഹത്തിനാണ് കേരളബാങ്ക് വടക്കേകാട് ശാഖയിൽ 8 സെന്റ് ഭൂമി ഈടു നൽകി പട്ടികവിഭാഗക്കാരായ ഇവർ 4 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടര ലക്ഷം രൂപയോളം അടച്ചെന്ന് ഇവർ പറയുന്നു. ഭർത്താവ് കുട്ടൻ കാൻസർ ബാധിച്ച് മരിച്ചതോടെ അടവ് തെറ്റി. മകനും 3 പെൺമക്കളുമാണ് ഇവർക്കുള്ളത്. ഇനി 4 ലക്ഷം അടച്ചാൽ വായ്പ ക്ലോസ് ചെയ്യാമെന്നാണ് ബാങ്ക് പറയുന്നത്. പണം ഉടൻ അടയ്ക്കാമെന്ന് അദാലത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും സാവകാശം നൽകാതെ വീട്ടിൽ നിന്ന് ഇറക്കി എന്നാണ് പരാതി. പൊലീസ് ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘത്തെ കണ്ട് മണി തളർന്നു വീണപ്പോൾ ബാങ്ക് അധികൃതർ വീട് പൂട്ടി സീൽ വയ്ക്കുകയായിരുന്നുവത്രെ.
ജപ്തി നോട്ടിസ് പോലും നൽകാതെയാണ് വീട് അടച്ചുപൂട്ടിയതെന്ന് വീട്ടുകാർ ആരോപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു. പരീക്ഷ അവധിക്ക് വീട്ടിൽ എത്തിയ മൂത്തമകളുടെ മകൾക്കും വീടിനു പുറത്ത് കഴിയേണ്ടി വന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡിഫാമിനാണ് പഠിക്കുന്നത്. മാവേലിക്കര രാജാരവി മർമ ആർട്‌സ് കോളജിൽ പഠിക്കുന്ന മറ്റൊരു മകളാണ് ഈ അവധിക്കു യാത്ര ഒഴിവാക്കിയത്.