മീനാക്ഷിക്കും ശ്രീലക്ഷ്മിക്കും പ്രതീക്ഷയുടെ തണലൊരുക്കി എം.പി.രാമചന്ദ്രൻ
Mail This Article
ഗുരുവായൂർ ∙ അമ്മയുടെ മരണത്തോടെ ഒറ്റപ്പട്ട അരിയന്നൂർ പൗഡർകുന്നിലെ മീനാക്ഷിക്കും (18) ശ്രീലക്ഷ്മിക്കും (16) പ്രതീക്ഷയുടെ തണലൊരുക്കി ജ്യോതി ലബോറട്ടറീസ് സ്ഥാപകൻ എം.പി.രാമചന്ദ്രൻ. കുട്ടികൾക്കു തുടർച്ചയായി സാമ്പത്തിക സഹായവും പഠിക്കാനുമുള്ള എല്ലാ ചെലവും സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അച്ഛൻ ബാബു 6 വർഷം മുൻപും അമ്മയുടെ അച്ഛൻ കേശവൻ കഴിഞ്ഞ ഒക്ടോബറിലും മരിച്ചു. ഏക ആശ്രയമായിരുന്ന അമ്മ മീനാക്ഷി (60) നവംബർ ഒന്നിന് മരിച്ചതോടെ കുട്ടികൾ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ച് ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചു.
ഇതോടെ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമി ഹരിനാരായണൻ അടക്കമുള്ളവർ സഹായവുമായെത്തി. വാർത്ത കണ്ട എം.പി.രാമചന്ദ്രൻ അന്നുതന്നെ പ്രതിനിധിയെ പറഞ്ഞയച്ച് സഹായവാഗ്ദാനം നൽകിയിരുന്നു. നാട്ടിലെത്തിയ ഉടൻ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. അവർ ജോലിയോ വിവാഹമോ കഴിഞ്ഞ് സുരക്ഷിതരാവുന്നതുവരെ സഹായമുണ്ടാകുമെന്ന് ഉറപ്പു നൽകി.