ഇന്ത്യ-ദക്ഷിണ കൊറിയ ആർട്ട് എക്‌സ്‌ചേഞ്ച് മേള 20 മുതൽ 27 വരെ മാളയിൽ
Mail This Article
മാള ∙ ഇന്ത്യ- ദക്ഷിണ കൊറിയ ആർട്ട് എക്‌സ്‌ചേഞ്ച് മേള 20 മുതൽ 27 വരെ തൃശൂർ മാള ജിബി ഫാമിൽ നടക്കും. കെക്കേയെല്ലം ഫൗണ്ടേഷനാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇന്ത്യയും - ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ലക്ഷ്യമിടുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാർ പങ്കെടുക്കും. മാള, കൊടുങ്ങല്ലൂർ, തൃശൂർ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പൗരാണിക ഇടങ്ങൾ ഇവർ സന്ദർശിക്കും. കഥകളി, ഭരതനാട്യം തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങളുടെ പ്രകടനങ്ങൾ ആസ്വദിക്കാനും കേരളത്തിന്റെ തനത് കലകളെ അടുത്തറിയാനും അവസരമൊരുക്കും.
ഏഷ്യയിലുടനീളം കലാപരമായ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്ന പരിപാടിയായ മ്യൂസിയം ഓഫ് ആർട്ട് വൂമയുടെ ഏഷ്യ ആക്‌സിസ് പ്രോജക്‌റ്റുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്. കലാ, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി കെക്കേയെല്ലം ഫൗണ്ടേഷൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ബിനോയ് വർഗീസ് പറഞ്ഞു.
ഇന്തോ-ബംഗ്ലാദേശ് ആർട്ട് പ്രോജക്റ്റ് (2023), ഇന്തോ-വിയറ്റ്നാം ആർട്ട് പ്രോജക്റ്റ് (2022), കേരളത്തിലെ പ്രളയബാധിതർക്കായുള്ള ദേശീയ ചാരിറ്റി എക്സിബിഷൻ (2018) എന്നിവയുൾപ്പെടെ നിരവധി കലാപരിപാടികൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻപ് സംഘടിപ്പിച്ചിട്ടുണ്ട്.