അപകടപ്പാതയിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി തുടങ്ങി; സംയുക്ത പരിശോധന
Mail This Article
കൊരട്ടി ∙ ദേശീയപാതയിലെ അപകടപ്പാതയിൽ അപകടങ്ങൾക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായി പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ദേശീയപാതയിലെ അപകടാവസ്ഥയെ കുറിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽ റൂറൽ പൊലീസ് മേധാവി നവനീത് ശർമ അടിയന്തര യോഗം വിളിച്ചു ചേർത്തു പ്രശ്നം ചർച്ച ചെയ്തു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കു ചേർന്നു.
യോഗത്തിലെ തീരുമാനപ്രകാരം കൊരട്ടി, പെരുമ്പി, ചിറങ്ങര, പൊങ്ങം, ജെടിഎസ് ജംക്‌ഷൻ എന്നിവിടങ്ങളിലായിരുന്നു വാഹന പരിശോധന. ജില്ലയുടെ മറ്റു ഭാഗങ്ങളിലും മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. കൊരട്ടി മേഖലയിൽ രാവിലെ 8 മുതൽ 11 വരെ 2 ജംക്‌ഷനുകളിലും വൈകിട്ട് 5 മുതൽ രാത്രി 8 വരെ മറ്റു 2 കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. നിയമം ലംഘിച്ചും അപകടകരമായും വാഹനമോടിച്ച50ഓളം പേർക്ക് എതിരെ കേസ് എടുത്തു. മദ്യപിച്ച വാഹനമോടിച്ച 3 പേർക്കെതിരെയും കേസുണ്ട്. സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചവരും കുടുങ്ങി.
ഇവരിൽ നിന്നു പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ കേസുകളിലായി പൊലീസും മോട്ടർ വാഹന വകുപ്പും 50,000 രൂപയോളം പിഴ ചുമത്തി. വരും ദിവസങ്ങളിൽ പൊലീസിനും മോട്ടർ വാഹന വകുപ്പിനും പുറമെ വനംവകുപ്പ്, എക്സൈസ് എന്നീ വകുപ്പുകളും പരിശോധനയിൽ പങ്കാളികളാകും. ഇൻസ്പെക്ടർ അമൃത് രംഗൻ, എസ്ഐ സി.പി.ഷിബു, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സജി തോമസ്, അശോക്‌കുമാർ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിബീഷ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
റോഡിന്റെ അപാകതയും സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയും പരിഹരിക്കാനുള്ള നടപടികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചെങ്കിലും പോരായ്മകളുണ്ടെന്നാണു നാട്ടുകാരുടെ പരാതി. വിവിധ ഘട്ടങ്ങളിൽ നാട്ടുകാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയ ശാസ്ത്രീയ പരിഹാര മാർഗങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ല.