പെരിങ്ങൽക്കുത്ത് ഡാമിൽ ശക്തമായ തിരയിളക്കം
Mail This Article
അതിരപ്പിള്ളി ∙ പാലക്കാട് നിന്നെത്തിയ കാറ്റിൽ പെരിങ്ങൽക്കുത്ത് ഡാമിൽ ശക്തമായ തിരയിളക്കം. പാലക്കാട് പറമ്പിക്കുളം ഡാമിൽ നിന്നാരംഭിക്കുന്ന പുഴയുടെ മുതുവരച്ചാൽ–കാരാംതോട് കൈവഴികൾ ഒഴുകുന്ന മലനിരകൾ കടന്നാണു പാലക്കാടൻ കാറ്റ് പെരിങ്ങൽകുത്ത് വനമേഖലയിൽ എത്തുന്നത്. വൃശ്ചികം ഒന്നു മുതൽ ആരംഭിക്കുന്ന കാറ്റ് ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കും.
3 മാസത്തോളം തുടർച്ചയായി വീശുന്ന കാറ്റ് നാട്ടുകാർക്കിടയിൽ പാലക്കാടൻ കാറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ കാലാവസ്ഥയും ഈ കാറ്റിന്റെ സ്വാധീനവലയത്തിലാണ്. ഈ വർഷവും കാറ്റ് കൃത്യസമയത്ത് തന്നെ വന്നെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം രണ്ടു ദിവസം നീണ്ടു നിന്ന മഴയിൽ കാറ്റ് നിലച്ചു. എന്നാൽ ഇന്നലെ മുതൽ പാലക്കാടൻ കാറ്റ് വീണ്ടും ശക്തമായി വീശി തുടങ്ങി.
പെരിങ്ങൽക്കുത്ത് വനപ്രദേശത്ത് മാത്രമുണ്ടാകുന്ന കാറ്റ് പിന്നീട് പുകലപ്പാറ പവർഹൗസ് ഭാഗത്ത് നിന്ന് ദിശമാറി കിഴക്ക് ഭാഗത്തേക്കാണു സഞ്ചരിക്കുന്നത്. അതിനാൽ അതിരപ്പിള്ളി പഞ്ചായത്തിലെ മറ്റിടങ്ങളിൽ പാലക്കാടൻ കാറ്റ് കടന്നു ചെല്ലാറില്ല. നെല്ലിയാമ്പതി മലയുടെ അടുത്ത് കിടക്കുന്ന പ്രദേശമാണ് പെരിങ്ങൽക്കുത്ത്. റോഡ് മാർഗം നൂറ് കിലോമീറ്റർ ദൂരെയുള്ള ഇടുക്കി ജില്ലയിലെ വടാട്ടുപാറ പെരിങ്ങൽകുത്തിൽ നിന്നു വിളിപ്പാട് അകലെയാണ്. നെല്ലിയാമ്പതിയും പെരിങ്ങൽക്കുത്ത് റിസർവോയറും വായുമാർഗം 19 കിലോമീറ്ററാണു ദൂരം.
കാറ്റിൽ പറന്നു വരുന്ന ഒരിനം ചെള്ള് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. ഡാമിൽ കാറ്റിന്റെ ശക്തിയിൽ ഓളങ്ങൾ ശക്തമാകുന്നതോടെ വലയിട്ടു മീൻപിടിക്കുന്ന ആദിവാസികളുടെ മീൻപിടിത്തം തടസ്സപ്പെടും. അതിനാൽ കാറ്റ് തുടങ്ങുന്നതോടെ ചങ്ങാടങ്ങൾ കരകയറ്റി ഇക്കൂട്ടർ മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തും. വനത്തിൽ പരാഗണത്തിനു വേണ്ട പൂമ്പൊടിയുമായി വരുന്ന പാലക്കാടൻ കാറ്റ് ഇടയ്ക്കു മഴ മുഴക്കങ്ങളും സൃഷ്ടിച്ചാണു ഇതുവഴി വന്നുപോകുന്നത്.