കാട്ടാനയെത്തി, കടുവയോ..? വേലൂപ്പാടത്ത് കടുവയെ കണ്ടതായി അഭ്യൂഹം
Mail This Article
കാട്ടാനകൾ കൃഷി നശിപ്പിച്ചു
പാലപ്പിള്ളി ∙ കാരികുളം കടവിൽ കാട്ടാനക്കൂട്ടമിറങ്ങി കല്ലേലി സജീവന്റെ പറമ്പിലെ കൃഷി നശിപ്പിച്ചു. വാഴകളും കവുങ്ങുകളും നശിപ്പിച്ച ആനക്കൂട്ടം വെളുപ്പിനാണ് തിരിച്ചുപോയതെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ പുഴ കടന്നെത്തി ജനവാസ മേഖലയിലെ പറമ്പുകളിൽ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കൃഷിക്ക് നിരന്തരം നഷ്ടം നേരിട്ടിട്ടും നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു.
വേലൂപ്പാടത്ത് കടുവയെ കണ്ടതായി അഭ്യൂഹം
വേലൂപ്പാടം ∙ പുലിക്കണ്ണിയിൽ കെഎഫ്ആർഐ മുള ഗവേഷണ കേന്ദ്രത്തിനു സമീപം കടുവയെ കണ്ടതായി അഭ്യൂഹം. പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനായില്ലെന്ന് വനംവകുപ്പ്. പ്രദേശത്ത് വനംവകുപ്പ് പട്രോളിങ് തുടരുന്നുണ്ടെന്നും സംശയകരമായ സാഹചര്യം ഇനിയുണ്ടായാൽ ക്യാമറ ട്രാപ് സ്ഥാപിക്കുമെന്നും പാലപ്പിള്ളി റേഞ്ച് ഓഫിസർ പി.ഡി.രതീഷ് പറഞ്ഞു.ചൊവ്വ വൈകിട്ടാണ് ബൈക്ക് യാത്രികൻ കടുവയെ കണ്ടതായി പറയുന്നത്.
മുള ഗവേഷണ കേന്ദ്രം കോമ്പൗണ്ടിൽനിന്നു റോഡ് മുറിച്ചുകടന്ന് കശുമാവിൻതോപ്പിലേക്ക് പായുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷി പറയുന്നു. അഭ്യൂഹം പരന്നതോടെ ജനങ്ങൾ ഭയചകിതരായി. മേഖലയിൽ പുലി, കാട്ടാന, ചെന്നായ ആക്രമണങ്ങൾ പതിവാണെങ്കിലും കടുവയെ കണ്ടതായി അറിവില്ലെന്ന് നാട്ടുകാരും പറയുന്നു.