കുടിവെള്ളം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം: പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിർദേശം
Mail This Article
കൊടുങ്ങല്ലൂർ ∙ തീരദേശത്തെ മതിലകം മുതൽ വടക്കോട്ട് ഏങ്ങണ്ടിയൂർ വരെയുള്ള 9 പഞ്ചായത്തുകൾ പൈപ്പ് ലൈൻ വഴിയോ ടാങ്കർ ലോറി മുഖേനയോ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിർദേശം. തീരദേശ മേഖലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പി.എ.സീതി, കെ.എ.ധർമരാജൻ എന്നിവർ ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഈ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകി ഇവ നടപ്പാക്കാനും ഇടക്കാല വിധിയിലൂടെ കലക്ടറെ കോടതി ചുമതലപ്പെടുത്തി. ഏതെങ്കിലും രീതിയിൽ ഇവയിൽ വീഴ്ച വന്നാൽ ഉത്തരവിന്റെ ലംഘനമായി കരുതുമെന്നു വിധിയിൽ ചൂണ്ടിക്കാട്ടി. 2023 ഡിസംബറിൽ ആണ് ഹർജിയിലെ ആദ്യ ഇടക്കാല ഉത്തരവ് ആയി ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്തിലേക്ക് ശുദ്ധജലം എത്തിക്കാൻ വാട്ടർ അതോറിറ്റിക്ക് കോടതി നിർദേശം നൽകിയത്.
എന്നാൽ, പൈപ്പ് സ്ഥാപിച്ചുള്ള പ്രവൃത്തികൾ പൂർത്തിയാകുന്നതു വരെ ശ്രീനാരായണപുരം പഞ്ചായത്ത് ടാങ്കർ ലോറിയിൽ വെള്ളം നൽകണമെന്നുള്ള കോടതി ഉത്തരവു പ്രകാരം വെള്ളം നൽകുന്നുണ്ട്. 2023ലെ ശുദ്ധജലം നൽകാനുള്ള ഇടക്കാല ഉത്തരവ് മറ്റു 9 പഞ്ചായത്തുകൾ ആയ മതിലകം, പെരിഞ്ഞനം, കയ്പമംഗലം, തളിക്കുളം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലേക്ക് കൂടി ബാധകമാക്കി ആണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്.