ADVERTISEMENT

തൃശൂർ ∙ പല്ലക്കും കുതിരവണ്ടിയും യാത്രയ്ക്ക് തയാറായി നിൽക്കുന്നതു പോലെ... തിളക്കം മാറാത്ത അംശവടി, നൂലിഴ മാറാത്ത തലപ്പാവ്, രാജകീയതയുടെ എല്ലാ കെട്ടുംമട്ടുമായി നവീകരണത്തിനു ശേഷം ശക്തൻ തമ്പുരാൻ കൊട്ടാരവും പുരാവസ്തു മ്യൂസിയവും ഇന്ന്  തുറക്കും. രണ്ട് വർഷമായി അടച്ചിട്ട മ്യൂസിയം വൈകിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നവീകരണത്തിന് ആവശ്യമായ തുകയുടെ 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവഴിച്ചത്.

കൊച്ചി രാജാക്കന്മാരുടെ വസതിയായ കൊട്ടാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമാണ് നിർമിച്ചത് എന്നു കരുതുന്നു. പിന്നീട് 1795ൽ ശക്തൻ തമ്പുരാനാണ് പുതുക്കിപ്പണിതത്. ഇന്നു കാണുന്ന വാസ്തുവിദ്യയിലും ഡച്ച് മാതൃകയിലും രൂപത്തിലും ആക്കിയത് അദ്ദേഹമാണ്. പുരാവസ്തു പഠനത്തിനു വേണ്ടിയുള്ള കൊച്ചിൻ ആർക്കിയോളജി വകുപ്പിന് കീഴിൽ 1938ൽ ടൗൺ ഹാളിൽ ആരംഭിച്ച ശ്രീമൂലം ചിത്രശാലയാണ് മ്യൂസിയമായി മാറിയത്. പിന്നീട് കൊല്ലങ്കോട് കൊട്ടാരത്തിലേക്കു മാറ്റിയ ഇത് 2005ൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പുനഃസജീകരിക്കുകയായിരുന്നു.

ശക്തൻ തമ്പുരാൻ ഉപയോഗിച്ചിരുന്ന പല്ലക്ക്.
ശക്തൻ തമ്പുരാൻ ഉപയോഗിച്ചിരുന്ന പല്ലക്ക്.

വിസ്മയങ്ങളുടെ ‘പുതിയ’ നാലുകെട്ട്
കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ശക്തന്റെ പല്ലക്ക്, ഹിൽ പാലസിൽ സൂക്ഷിച്ചിരുന്ന പ്രാചീന പാത്രങ്ങൾ എന്നിവയും മ്യൂസിയത്തിൽ എത്തിച്ചിട്ടുണ്ട്. പല്ലക്ക് അതേ രൂപത്തിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. പാത്രങ്ങളിൽ ചീനഭരണിയാണ് പ്രധാന ആകർഷണം. ചിത്രപ്പണികളോടു കൂടിയ ഇവ പത്തൊൻപതാം നൂറ്റാണ്ടിലേതാണ്.

1. ശക്തൻ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന കുതിരവണ്ടി. ചിത്രം:മനോരമ. 2. പഴയകാലത്തെ ചെസ് ബോർഡ്.
1. ശക്തൻ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന കുതിരവണ്ടി. ചിത്രം:മനോരമ. 2. പഴയകാലത്തെ ചെസ് ബോർഡ്.

കാഴ്ചകൾ എന്തെല്ലാം
യാത്രയ്ക്ക് ഉപയോഗിച്ച കുതിരവണ്ടി, അംശവടി, രാജകീയ ചിഹ്നങ്ങൾ, തൂക്കുവിളക്ക്, ആട്ടവിളക്ക്, കുത്തുവിളക്ക്, ചെസ് ബോർഡ്, കട്ടിൽ അടക്കമുള്ളവയും പഴമയോടെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അടുക്കളയും അടുക്കള ഉപകരണങ്ങളും അതേ നിലയിൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. കൊച്ചി ഭരിച്ച അവസാനത്തെയാളായ രാമവർമ പരിഷിത് രാജാവിന്റെ തലപ്പാവും ഇവിടെയുണ്ട്.

കൊച്ചി രാജാക്കന്മാരായ രാമവർമ, കേരളവർമ, രവിവർമ എന്നിവരുടെയും ദിവാന്മാരായ സുബ്രഹ്മണ്യൻ പിള്ള, ആർ.കെ.ഷൺ‌മുഖം ചെട്ടി, തിരുവെങ്കിടാചാര്യ എന്നിവരുടെ ഛായാചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലയിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ ശിൽപങ്ങൾ, പാത്ര അവശിഷ്ടങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ടിപ്പു സുൽത്താൻ സ്ഥാപിച്ച കൊടിമരം കൊട്ടാരത്തിന്റെ വളപ്പിനു പുറത്ത് കേടുകൂടാതെ വച്ചിട്ടുണ്ട്. 

. കൊച്ചി രാജവംശം ഉപയോഗിച്ചിരുന്ന അംശവടിയും രാജമുദ്രകളും. 2. കൊച്ചി രാജാക്കന്മാർ ഉപയോഗിച്ചിരുന്ന തലപ്പാവ്.
. കൊച്ചി രാജവംശം ഉപയോഗിച്ചിരുന്ന അംശവടിയും രാജമുദ്രകളും. 2. കൊച്ചി രാജാക്കന്മാർ ഉപയോഗിച്ചിരുന്ന തലപ്പാവ്.

പൈതൃക ഉദ്യാനം
കൊട്ടാരത്തിനോടു ചേർന്നുള്ള ഉദ്യാനത്തിലാണ് ശക്തൻ തമ്പുരാന്റെ ശവകുടീരമുള്ളത്. ഇദ്ദേഹത്തെ കൂടാതെ സാമൂതിരി കുടുംബത്തിലെ ഒരു അംഗത്തിനെയും കൊച്ചി രാജകുടുംബാംഗത്തെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. കൊട്ടാരം കാണാൻ എത്തുന്നവർക്ക് ക്ലാസ് എടുക്കാനും മറ്റും ഒരു തുറന്ന വേദിയും ഉദ്യാനത്തിൽ ഉണ്ട്. വ്യത്യസ്ത മരങ്ങളും ചെടികളും ഉള്ള ഉദ്യാനത്തിലെ സർപ്പക്കാവ് പ്രശസ്തമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ രണ്ട് സങ്കൽപ്പങ്ങളാണ് ഇവിടെയുള്ളത്.

എപ്പോൾ കാണാം
തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം. 9.30 മുതൽ 4.30 വരെ പൊതുജനങ്ങൾക്ക് മ്യൂസിയവും കൊട്ടാരവും കാണാം. മുതിർന്നവർക്ക് 35 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനനിരക്ക്. അധികൃതരുടെ അനുമതിയോടെ കൊട്ടാരത്തിന്റെ പുറത്ത് ഫോട്ടോ ഷൂട്ട് അടക്കമുള്ളവയ്ക്കും അവസരമുണ്ട്.

ബാക്കി വഴിയേ
കൊട്ടാരത്തോടു ചേർന്നു പുസ്തകശാല ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഗവേഷണത്തിനടക്കം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കുക. കൊട്ടാരത്തോട് ചേർന്നു പൈതൃകസഞ്ചാരം, പഠനം, സാംസ്കാരിക സംഗമം എന്നിവയ്ക്കും പദ്ധതിയുണ്ട്. ഇന്നു വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പുരാവസ്തു–തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷ വഹിക്കും. പി.ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ.വർഗീസ് എന്നിവർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് വയലി ബാംബൂ ബാൻഡ് അവതരിപ്പിക്കുന്ന മുളസംഗീതവും ഉണ്ട്.

English Summary:

Shakthan Thampuran Palace reopens its doors in Thrissur today after a two-year closure. Union Minister Suresh Gopi will inaugurate the renovated museum, showcasing the restored brilliance of this royal heritage site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com