കോൺഗ്രസ് മാർച്ചിൽ സംഘർഷം
Mail This Article
തൃപ്രയാർ ∙ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ കുഴഞ്ഞ് വീണ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. മാർച്ചിനെ തടയാൻ പഞ്ചായത്ത് ഓഫിസിന് മുന്നിലെ റോഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസുമായി ഉന്തും തള്ളലിലുമെത്തിയതോടെ പ്രവർത്തകരെ തുരത്താൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ 9-ാം വാർഡ് സിപിഎം സിറ്റിങ് സീറ്റ്, യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്താണ്. 14 അംഗ ഭരണസമിതിയിൽ യുഡിഎഫ് 6, എൽഡിഎഫ് 5, എൻഡിഎ 3 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്തിൽ സിപിഎം ബിജെപിയുമായി സന്ധി ചെയ്തതായി പ്രതാപൻ ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു,ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ.വിജയൻ, കെ.ദിലീപ് കുമാർ, സി.എം.നൗഷാദ്, മറ്റു ഭാരവാഹികളായ സുനിൽ ലാലൂർ, പി.വിനു, ഹീറോഷ് ത്രിവേണി, പി.എം.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. സമര നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.