തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പ്: മാള എഎസ്ഐ അറസ്റ്റിൽ
Mail This Article
ചാലക്കുടി ∙ കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ എഎസ്ഐ ആളൂർ മണക്കാടൻ എം.ജി.വിനോദ്കുമാർ അറസ്റ്റിൽ. കൊരട്ടി, എരുമപ്പെട്ടി സ്റ്റേഷനുകളിൽ ഇദ്ദേഹത്തിന് എതിരെ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഏപ്രിൽ മുതൽ സസ്പെൻഷനിലായിരുന്നു. ആളൂർ എസ്എച്ച്ഒ കെ.എം.ബിനീഷാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
പരാതിക്കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയും എഎസ്ഐയ്ക്കെതിരെയുണ്ട്. ഇദ്ദേഹം ഒളിവിലാണെന്നാണു പൊലീസ് പറഞ്ഞിരുന്നത്. ‘ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസ്: സസ്പെൻഷനിലായി, പക്ഷേ എഎസ്ഐയെ അറസ്റ്റ് ചെയ്യാൻ മടി’ എന്ന തലവാചകത്തോടെ കഴിഞ്ഞ 22ന് മലയാള മനോരമ വാർത്ത നൽകിയതിനെ തുടർന്നാണു പൊലീസ് നടപടി. എഎസ്ഐ ഉൾപ്പെടുന്ന സംഘം മാള കാട്ടിക്കരക്കുന്ന് സ്വദേശിയിൽ നിന്നു മാത്രം 24 ലക്ഷം രൂപ തട്ടിയെന്നാണു പരാതി.
മാള സ്വദേശി രാഹുൽ പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. 3 പേരിൽ നിന്നായി 68 ലക്ഷം രൂപ കവർന്നതടക്കം സംഘത്തിനെതിരെ മേയിൽ കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് വൈകുകയായിരുന്നു. പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതോടെ പൊലീസ് അന്വേഷണം മന്ദഗതിയിലായി. വിനോദ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം എത്തിയില്ലെന്നും കൂട്ടുപ്രതികളായ രഞ്ജിത്തിന്റെയും സുമേഷിന്റെയും അക്കൗണ്ടുകളിലേക്കാണു പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.