ജൽജീവൻ മിഷൻ പദ്ധതി: റോഡിലെടുത്ത കുഴി അപകടക്കെണി
Mail This Article
പാഞ്ഞാൾ ∙ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുൻപ് റോഡിലൂടെ എടുത്ത കുഴികൾ രണ്ടു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും വഴി മുടക്കിയും അപകടക്കെണിയുമായി ഇന്നും തുടരുകയാണ്. പാഞ്ഞാൾ പഞ്ചായത്തിലെ 9, 10 വാർഡുകളിൽപെട്ട ചെറങ്കോണം - കിള്ളിമംഗലം വാളനാത്ത്കുന്ന് റോഡും 14 -ാം വാർഡിലെ പഴയ പോസ്റ്റ് ഓഫിസ് റോഡുമാണ് പൂർണമായി തകർന്ന് അപകടാവസ്ഥയിലായത്. രണ്ട് കിലോമീറ്ററോളം വരുന്ന ചെറങ്കോണം - കിള്ളിമംഗലം റോഡിന്റെ ഹോമഞ്ചികുളം, വാളനാത്ത്കുന്ന് പ്രദേശങ്ങളിൽ വാഹന യാത്ര ദുരിതമായി മാറി.
പഴയ പോസ്റ്റ് ഓഫിസ് റോഡിലും വാഹന യാത്ര ദുഷ്കരമാണ്.വാളനാത്ത്കുന്ന് റോഡിൽ ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്. പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ പോകാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് അധികൃതരെ പലവട്ടം വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.