ദൃശ്യവിരുന്നായി എറവ് പള്ളിയിലെ ക്രിസ്മസ് ആഘോഷം
Mail This Article
എറവ്∙ വലിയ ബൈബിളിനുള്ളിൽ നിന്ന് പിറക്കുന്ന ഉണ്ണിയേശു. പിന്നിൽ പൈൻ മരങ്ങൾ നിറഞ്ഞ തോട്ടം. ഉണ്ണിയേശു ജനിച്ചതിന്റെ പ്രതീകമായി ക്രിസ്മസ് രാത്രിയിൽ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അൾത്താരയിലാണ് ഈ അപൂർവ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വികാരി ഫാ.റോയ്ജോസഫ് വടക്കൻ, സഹവികാരി ഫാ.ജിയോ വേലൂക്കാരൻ എന്നിവരുടെ മേൽനോട്ടത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ അനിലയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീമാരാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.
കപ്പൽപ്പള്ളി മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള 20 അടി ഉയരമുള്ള പ്രകാശമാനമായ ക്രിസ്മസ് മാൻപേടയും കൗതുകമായി. ക്രിസ്മസിന്റെ സന്തോഷവും സമാധാനവും പകർന്നു കൊണ്ട് ഇന്നലെ വൈകിട്ട് 7 മുതൽ ഇടവകയിലെ 9 കേന്ദ്രങ്ങളിൽ 300 കുട്ടികൾ അണിനിരന്ന് അവതരിപ്പിച്ച പാപ്പാനൃത്തം ശ്രദ്ധേയമായി. തിരുപ്പിറവിയുടെ തിരുക്കർമങ്ങൾക്ക് വികാരി ഫാ.റോയ്ജോസഫ് വടക്കൻ മുഖ്യകാർമികത്വം വഹിച്ചു. അസി.വികാരി ഫാ.ജിയോ വേലൂക്കാരൻ സഹകാർമികനായി. ഇടവകക്കാർ ഒരു മാസമെടുത്ത് ഒരുക്കിയ മെഗാ പുൽക്കൂടിന്റെ പ്രദർശനം തുടങ്ങി.