മൂന്നു മാസത്തിനുള്ളിൽ മൂന്നു പുസ്തകങ്ങൾ; അക്ഷരക്കൂട്ടിൽ ആലപ്പാട്ടച്ചൻ!
Mail This Article
തൃശൂർ ∙ അപ്രതീക്ഷിതമായി പിടിപെട്ട രോഗത്തെ വെല്ലുവിളിച്ച് മുറിയിൽ ക്രിസ്മസ് ആഘോഷിച്ചും മുഴുവൻ സമയ എഴുത്തുകാരനാകാനും തയാറെടുത്തു കത്തോലിക്കാ സഭയിലെ മുതിർന്ന വൈദികൻ ഫാ.ഫ്രാൻസിസ് ആലപ്പാട്ട്. മൂന്നു മാസത്തിനുള്ളിൽ മൂന്നു പുസ്തകങ്ങൾ പൂർത്തിയാക്കിയ അടുപ്പമുള്ളവരുടെ പ്രിയ ‘ആലപ്പാട്ടച്ചൻ’ ആത്മകഥ അടക്കമുള്ള പുസ്തക രചനകളുടെ ഒരുക്കത്തിലാണ്. പ്രമേഹബാധിതനായി നടക്കാൻ ബുദ്ധിമുട്ടു നേരിടുന്ന ഫാ.ഫ്രാൻസിസ് ദീർഘകാലമായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രീസ്റ്റ് ഹോം മുറിയിൽ വിശ്രമജീവിതം നയിക്കുകയാണ്.
ഈ ക്രിസ്മസ് കാലത്ത് തന്നെപ്പോലെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടി വരുന്ന മനുഷ്യരെ ഓർമിച്ച് സ്വന്തം മുറിയിൽ ക്രിസ്മസ് ട്രീ ഒരുക്കിയും തിരുപ്പിറവിക്കൊപ്പം പുസ്തകങ്ങളുടെയും പിറവി ആസ്വദിക്കുകയാണ് അദ്ദേഹം. ചുറ്റും കൈവരികൾ ഘടിപ്പിച്ചിരിക്കുന്ന മുറിയിൽ പരസഹായമില്ലാതെ നടക്കാനാകും. ‘ഇവിടെ എത്തിയപ്പോൾ ആകെ പ്രയാസത്തിലായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന ഞാൻ പെട്ടെന്നു ദുഃഖത്തിലായി. കാലുകൾ തളർന്നതു വലിയ തിരിച്ചടിയായി. തുടർന്ന് എഴുത്ത് വീണ്ടെടുക്കുകയായിരുന്നു. അതോടെ മനസ്സിന്റെ ക്ലേശങ്ങൾ ഏറെ മാറി. സന്തോഷവും തിരികെ കിട്ടി.’
ഫാ.ഫ്രാൻസിസ് പറയുന്നു. അധ്യാപികയായിരുന്ന മാതാവ് തനിക്ക് അയച്ച കത്തുകളാണു തന്നെ എഴുത്തുകാരനാക്കിയതെന്ന് ഫാ.ആലപ്പാട്ട് പറയുന്നു. ഇതുവരെ നോവലും കഥകളും ഉൾപ്പെടെ 48 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അടർത്താനാകാതെ അടരാനാകാതെ’ എന്ന നോവൽ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു.