പൈതൃക പ്രദേശങ്ങൾ കണ്ട് ഇന്ത്യ – കൊറിയ സംഘം
Mail This Article
മാള ∙ ഇന്ത്യൻ-ദക്ഷിണ കൊറിയ ആർട് എക്സ്ചേഞ്ചിന്റെ ഭാഗമായി ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ കൊടുങ്ങല്ലൂരിലെത്തിയ സംഘം പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പദ്ധതിയിൽ ഉൾപ്പെട്ട മറ്റു കേന്ദ്രങ്ങൾ സന്ദർശിക്കാനായി മുസിരിസ് പൈതൃക ബോട്ട് യാത്ര നടത്തി. ചേന്ദമംഗലം ജൂതപ്പള്ളിയിലെത്തിയ സംഘം തുടർന്ന് പാലിയം കൊട്ടാരവും പാലിയം നാലുകെട്ടും സന്ദർശിച്ചു. കോട്ടപ്പുറം കോട്ട, ചെറായി സഹോദരൻ അയ്യപ്പൻ മ്യൂസിയം, അഴീക്കോട് അഴിമുഖം എന്നിവിടങ്ങളിലും ബോട്ട് യാത്ര ചെയ്തെത്തി. സഹോദരൻ സ്മാരക ലൈബ്രറിയും സന്ദർശിച്ചു. പൈതൃക സ്മാരകങ്ങൾ നിലനിർത്തുന്നതിൽ കേരളം പിന്തുടരുന്ന മാതൃകയും നാടിന്റെ ഭൂപ്രകൃതിയും വൈവിധ്യവും പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വൈകിട്ട് 5 നു യാത്ര സമാപിച്ചു. തുടർന്ന് സംഘം ജിബി ഫാമിലേക്കു തിരികെയെത്തി. ഇന്ന് മാളയിലെ മുസിരിസ് കേന്ദ്രങ്ങളായ ജൂതപ്പള്ളിയും ജൂത സെമിത്തേരിയും സന്ദർശിക്കും. നാളെ അതിരപ്പിള്ളി സന്ദർശനവും വൈകിട്ട് ജിബി ഫാമിൽ ചിത്ര പ്രദർശനവും ഉണ്ടാകും. ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള 10 വീതം പ്രതിനിധികളാണ് ആർട് എക്സ്ചേഞ്ചിൽ പങ്കെടുക്കുന്നത്.