വടക്കാഞ്ചേരിയെ ഇളക്കിമറിച്ച് നതാലെ ഫെസ്റ്റ്
Mail This Article
വടക്കാഞ്ചേരി ∙ ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻ പൗരാവലിയും വ്യാപാര സമൂഹവും സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന ദേവാലയവും വിവിധ ഉത്സവ കമ്മിറ്റികളും മത- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരും നഗരസഭയുടെ സഹകരണത്തോടെ ടൗണിൽ നടത്തിയ ‘നതാലെ ഫെസ്റ്റ് 2024’ ഘോഷയാത്ര കാഴ്ചക്കാരെയും പങ്കെടുത്തവരെയും ഒരുപോലെ ആവേശം കൊള്ളിച്ചു.
ഓട്ടുപാറയിൽ നിന്നാരംഭിച്ച ഘോഷയാത്ര സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെയും സംഗീതത്തിന്റെയും താളത്തിനൊത്ത് ക്രിസ്മസ് പാപ്പമാർ നൃത്തം ചെയ്തു. നിശ്ചലദൃശ്യങ്ങളും കാരൾ ഗാനങ്ങളുമായി നീങ്ങിയ ഘോഷയാത്രയിൽ കുട്ടികളും മുതിർന്നവരുമായി നൂറു കണക്കിനു പേർ അണിനിരന്നു. നത്താലെ ഫെസ്റ്റിന്റെ സമാപന സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും ഫൊറോന വികാരിയുമായ ഫാ.വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു. വൃക്ക രോഗികൾക്കായി നൽകുന്ന സാമ്പത്തിക സഹായം നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ വിതരണം ചെയ്തു.
കാരുണ്യ സ്പർശമായി 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണു നൽകിയത്. അജിത്കുമാർ മല്ലയ്യ, ഇ.കെ.കുമാരൻ, പി.എൻ.വൈശാഖ്, ജിജി സാംസൺ, സന്ധ്യ കൊടയ്ക്കാടത്ത്, പ്രകാശ് ചിറ്റിലപ്പിള്ളി, അജീഷ് കർക്കടകത്ത് എന്നിവർ പ്രസംഗിച്ചു. ഫ്രാൻസിസ് കുരുതുകുളങ്ങര, എൻ.കെ.ടിന്റോ, ജോയ് ചിറ്റിലപ്പിള്ളി, സിജോയ് ചിരിയങ്കണ്ടത്ത്, ബെൻസൺ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.