സൂനാമി ദുരന്തത്തിന് 20 വർഷം; ഇവിടെ എല്ലാം പഴയപടി
Mail This Article
കൊടുങ്ങല്ലൂർ ∙ സൂനാമി തിരമാലകൾ തീരത്തു നാശം വിതച്ചിട്ട് 20 വർഷം പിന്നിടുന്നു. ജില്ലയിൽ സൂനാമി തിരമാലകൾ ആഞ്ഞടിച്ച അഴീക്കോട് ഇന്നും ദുരിതത്തിൽ. ആളപായം ഒന്നും സംഭവിച്ചില്ലെങ്കിലും തീരത്തുണ്ടായ ദുരിതത്തിനു അറുതി വരുത്താൻ ഇന്നും അധികൃതർക്കായിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചും വീടുകളിൽ വെള്ളം കയറിയതു മൂലവും സംഭവിച്ച നഷ്ടങ്ങൾക്കു സർക്കാർ – സന്നദ്ധ സംഘടനകൾ സഹായം ചെയ്തിരുന്നു. എന്നാൽ, ഇന്നും ശാശ്വത പരിഹാരം അകലെ. എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുനയ്ക്കൽ, മൊയ്തീൻ പള്ളി പരിസരം, വഞ്ചിക്കടവ്, പൂച്ചക്കടവ് പ്രദേശങ്ങളിലാണ് നാശം സംഭവിച്ചത്.
അറബിക്കടലും കാഞ്ഞിരപ്പുഴയുടെ വശങ്ങളും തീരം പങ്കിടുന്ന പ്രദേശത്തു വീടുകളിൽ മുട്ടിനൊപ്പം വള്ളം കയറി. വള്ളങ്ങൾ ഒഴുകിപ്പോയി. മുട്ടിനൊപ്പം ചെളി അടിഞ്ഞുകൂടി വീടുകളിൽ വലിയ നഷ്ടം സംഭവിച്ചു. ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു. ആഴ്ചകൾ പിന്നിട്ട ശേഷമാണു വീടുകൾ താമസയോഗ്യമാക്കിയത്.
പ്രദേശത്തു കരിങ്കൽ ഭിത്തി കെട്ടി തീരം സംരക്ഷിക്കുമെന്നു പ്രഖ്യാപനം നടന്നെങ്കിലും ഇന്നും യാഥാർഥ്യമായില്ല. മുനക്കൽ മൊയ്തീൻ പള്ളി പരിസരം, വഞ്ചിക്കടവ്, പൂച്ചക്കടവ് എന്നിവിടങ്ങളിൽ എല്ലാം ഇപ്പോഴും പഴയപടി തന്നെയാണ്. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തിലും ഇവിടെ വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറുന്നതിനു പരിഹാരം ഉണ്ടാക്കാൻ ഇപ്പോഴും കഴിയുന്നില്ല.