‘ജങ്ക് ഫുഡ്’ കഴിക്കും, പേടി കൂടാതെ ഫോട്ടോയ്ക്കു പോസ് ചെയ്യും; സിംഹവാലൻ നാട്ടിലേക്ക്
Mail This Article
തൃശൂർ ∙ മനുഷ്യർ നൽകുന്ന പാനീയങ്ങൾ കുടിക്കും, ‘ജങ്ക് ഫുഡ്’ കഴിക്കും, പേടി കൂടാതെ ഫോട്ടോയ്ക്കു പോസ് ചെയ്യും. ഉൾക്കാടുകളിൽ ശാന്ത ജീവിതം നയിച്ചിരുന്ന സിംഹവാലൻ കുരങ്ങുകൾ കാടിറങ്ങി ജനവാസമേഖലകളിലും വഴിവക്കിലും മനുഷ്യർക്കൊപ്പം സഹവസിക്കുന്നതു ഗവേഷകരെ അമ്പരപ്പിക്കുന്നു. തൃശൂർ – തമിഴ്നാട് അതിർത്തിയിലെ വാൽപാറയിൽ 5 കൂട്ടങ്ങളിലായി 181 സിംഹവാലൻ കുരങ്ങുകൾ വീടുകളെയും കടകളെയും വാഹനങ്ങളെയും ആശ്രയിച്ചു ജീവിക്കുന്നതായി കേരള വനഗവേഷണ കേന്ദ്രത്തിലെയും മൈസൂർ സർവകലാശാലയിലെയും ഗവേഷകരുടെ സംഘം പ്രൈമേറ്റ് കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.
പരിസ്ഥിതിസംഘടനയായ ഐയുസിഎന്നിന്റെ ചുവപ്പു പട്ടികയിലുൾപ്പെട്ട വംശനാശഭീഷണി നേരിടുന്ന ജീവിയാണു സിംഹവാലൻ കുരങ്ങ്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ പശ്ചിമഘട്ട മലനിരകളിലെ ഉൾക്കാടുകളിൽ മാത്രം കണ്ടിരുന്ന ഇവ തോട്ടങ്ങളിലേക്കു വരെ ചേക്കേറിയെന്നു പഠനത്തിൽ കണ്ടെത്തി. ഇവയ്ക്കു ഭക്ഷണം കൊടുക്കുന്നതും അടുത്തുനിന്നു ഫോട്ടോയെടുക്കുന്നതും വ്യാപകമായതോടെ മനുഷ്യരോട് ഇണങ്ങുന്ന അവസ്ഥയായി. പഴങ്ങളും വിത്തുകളും ഇലകളും കഴിച്ചു ജീവിച്ചിരുന്ന ഇവയുടെ ഭക്ഷണ, ജീവിത ക്രമങ്ങൾ പാടേ മാറിയതു പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണു നിഗമനം. ഭക്ഷണം തേടിക്കഴിക്കുന്ന രീതി ഇല്ലാതാകുന്നു. ഇവയുടെ പ്രകൃതം തന്നെ മാറുന്നുവെന്നും സൂചനയുണ്ട്.
വനഗവേഷണ കേന്ദ്രം വൈൽഡ്‌ലൈഫ് ബയോളജി ഗവേഷകരായ ടി.എ.ഷഹീർ, ഡോ. ബാലകൃഷ്ണൻ പേരോത്ത്, മൈസൂർ സർവകലാശാലയിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. മേവാ സിങ് എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്.