ഒരു മെറ്റൽ പോലും ഇളകാത്ത റോഡ്; ബിസി നിലവാരത്തിൽ വീണ്ടും ടാറിട്ട് മിനുക്കാൻ പിഡബ്ല്യുഡി വക 2.5 കോടി !
Mail This Article
പുന്നയൂർക്കുളം ∙ ഒരു മെറ്റൽ പോലും ഇളകാത്ത ആറ്റുപുറം - വടുതല റോഡ് ബിസി നിലവാരത്തിൽ വീണ്ടും ടാറിട്ട് മിനുക്കാൻ 2.5 കോടി രൂപ വകയിരുത്തി മരാമത്ത് വകുപ്പ്. പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരെ വലയ്ക്കുന്ന ഗുരുവായൂർ-ആൽത്തറ സംസ്ഥാന പാത ഉൾപ്പെടെ അടിയന്തരമായി നവീകരിക്കേണ്ട റോഡുകൾ വേണ്ടുവോളം ഉള്ളപ്പോഴാണ് മരാമത്ത് വകുപ്പ് പുത്തൻ റോഡിനെ മിനുക്കിയെടുക്കാൻ കോടികൾ ചെലവിടുന്നത്. ആറ്റുപുറം സെന്റർ മുതൽ വടുതല വരെ 5.210 കിലോമീറ്റർ റോഡാണ് പുതുക്കി പണിയുന്നത്. സെപ്റ്റംബറിൽ അനുമതിയായ പദ്ധതിയുടെ ടെൻഡർ പൂർത്തിയായി. ബിഎം പാച്ച് വർക്കും ബിസി ഓവർ ലൈൻ വർക്കുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റോഡിനു മുകളിൽ 3 സെന്റീമീറ്റർ കനത്തിൽ ബിസി ടാറിങ് ചെയ്യും.
കൊച്ചന്നൂർ സ്കൂളിനു മുന്നിൽ 250 മീറ്റർ ദൂരം കാനയും പദ്ധതിയിൽ ഉണ്ട്. 2017ൽ ദേശീയപാത അതോറിറ്റിയാണ് ആറ്റുപുറം മുതൽ പാറേമ്പാടം വരെ 13 കിലോമീറ്റർ ദൂരം ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചത്. 7 വർഷമായിട്ടും റോഡിനു കേടുപാടില്ല. ടാറിങ് കഴിഞ്ഞ് 6-7 വർഷം പൂർത്തിയായാൽ പുതിയ പ്രവൃത്തി ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനു തുക അനുവദിച്ചത് എന്നാണ് സൂചന. റോഡ് നേരിൽ കാണാതെ ഓഫിസിൽ ഇരുന്നു പദ്ധതി നിർദേശിച്ചതാണ് പ്രശ്‌നമായതെന്നും പറയുന്നു.
ഇതു സംബന്ധിച്ച് പൊതു പ്രവർത്തകൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.പൊട്ടിപ്പൊളിഞ്ഞ ഗുരുവായൂർ-ആൽത്തറ റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിടണമെന്ന ആവശ്യം നടപ്പായിട്ടില്ല. 13 വർഷം മുൻപാണ് ഈ റോഡ് ടാറിട്ടത്.റോഡിലെ വലിയ കുഴികളിൽ മെറ്റൽ നിറയ്ക്കലും പാച്ച് വർക്കും മാത്രമാണ് നടക്കുന്നത്.