ആഘോഷം അതിരുവിടല്ലേ, പൊലീസ് ശ്രദ്ധിക്കുന്നുണ്ട്!
Mail This Article
ചാവക്കാട് ∙ പുതുവർഷാഘോഷം അതിരുകടന്നാൽ ചാവക്കാട് പൊലീസ് പൊക്കിയെടുക്കും. ആഘോഷങ്ങൾ അക്രമങ്ങളിലേക്കും പൊതുശല്യത്തിലേക്കും പോകാതിരിക്കാൻ മഫ്തിയിൽ പൊലീസ് ഉണ്ടാകും. ജീപ്പ്, ബൈക്ക് എന്നിവയിൽ പ്രത്യേക പട്രോൾ സംഘവും ഉണ്ടാകുമെന്ന് എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു. അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കാൻ പാടില്ല. രാത്രി 10ന് ശേഷം മൈക്ക് ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
പൊതുസ്ഥലത്തു മദ്യപിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. രാത്രിയിൽ പടക്കം പൊട്ടിച്ചും വലിയ ശബ്ദം ഉണ്ടാക്കിയും ശല്യമാകുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കൂട്ടംകൂടിയും അല്ലാതെയും വലിയ ശബ്ദത്തോടെ പോകുന്ന ബൈക്കുകൾ പൊലീസ് പിടികൂടും. ആഘോഷത്തിന്റെ പേരിൽ കടലിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതിനും പൊലീസ് വിലക്കുണ്ട്. മദ്യം, ലഹരി എന്നിവ ഉപയോഗിക്കുന്നവരെയും വിപണനക്കാരെയും നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡ് ഉണ്ടാകുമെന്നും എസ്എച്ച്ഒ അറിയിച്ചു.