പെരിയമ്പലത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
Mail This Article
പുന്നയൂർക്കുളം ∙പെരിയമ്പലം 310 റോഡിൽ ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖല സെക്രട്ടറി തെക്കൂട്ട് അൻസാറിന്റെ ഓട്ടോ ടാക്സിയുടെ ചില്ല് സാമൂഹികവിരുദ്ധർ തകർത്തു. വണ്ടിയുടെ ഇരുവശത്തെയും റെക്‌സിൻ കർട്ടൻ മുറിച്ച നിലയിലാണ്. വണ്ടി നിർത്തിയിട്ട വീട്ടിലെ അലങ്കാര ബൾബുകൾ നശിപ്പിച്ചു. അണ്ടത്തോട് സ്വദേശി അബ്ദുല്ലയുടെ പറമ്പിലെ മോട്ടർ ഷെഡിൽ നിന്നു പമ്പ് സെറ്റും കൊണ്ടുപോയി. റോഡരികിൽ യുവാക്കൾ കെട്ടിയ ഇരിപ്പിടങ്ങളും നശിപ്പിച്ചു.
പെരിയമ്പലം ഓഡിറ്റോറിയത്തിനു സമീപം തേത്തയിൽ മണികണ്ഠന്റെ കുട്ടികളുടെ 2 സൈക്കിൾ കേടാക്കിയിട്ടുണ്ട്. ടയറുകൾ മുറിച്ചിട്ട നിലയിലാണ്. കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ ഉപകരണങ്ങൾ തൂക്കിയിടുന്ന കയറുകളും ഇരിപ്പിടങ്ങളും നശിപ്പിച്ചു. ഞായർ പുലർച്ചെ ഒരു മണിക്കും രണ്ടിനും ഇടയിലാണ് ഓട്ടോ ടാക്സിക്കു നേരെ ആക്രമണം ഉണ്ടായതെന്ന് കരുതുന്നു. വലിയ കല്ല് ഉപയോഗിച്ചാണ് ചില്ല് തകർത്തിട്ടുള്ളത്. അൻസാറിന്റെ വീട്ടിലേക്ക് റോഡ് ഇല്ലാത്തതിനാൽ സമീപവാസി പൊറ്റയിൽ പ്രദീപിന്റെ വീട്ടുമുറ്റത്താണ് ഓട്ടോറിക്ഷ നിർത്തിയിടാറ്. ഒരു മണിക്കു ശേഷം ഇവിടെ രണ്ടു പേരെ കണ്ടതായി പറയുന്നു.