അവിട്ടത്തൂരിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; 8 വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു
Mail This Article
അവിട്ടത്തൂർ∙ വൈദ്യുതി ലൈൻ പൊട്ടിവീണ് 8 വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഒരു വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. പ്രദേശത്തെ വൈദ്യുതി തൂണിൽ ന്യൂട്രൽ ലൈൻ ഫേസ് ലൈനിലേക്ക് പൊട്ടിവീണുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ ത്തുടർന്നാണ് ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചത്.
പുത്തൻപീടിക സേവ്യറിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയാണ് പൂർണമായും കത്തിയത്. മുറിയിലെ ലാപ്ടോപ്, ക്യാമറ, കട്ടിൽ, കിടക്ക, ഫാൻ എന്നിവ പൂർണമായും കത്തിനശിച്ചു. ചുമരുകൾക്ക് വിള്ളലേറ്റു. ജനലുകളും കത്തിനശിച്ചു. മുറിയിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ട് വീട്ടുകാർ അയൽവാസികളുടെ സഹായത്തോടെ തീ അണയ്ക്കാൻ ശ്രമിച്ചു.
എന്നാൽ തീ കൂടുതൽ പടർന്നതോടെ ഇരിങ്ങാലക്കുടയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണയ്ക്കുകയും ചെയ്തു. 6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. സമീപത്തെ നങ്ങിണി ജോർജ്, പെരേപ്പാടൻ ജോസ്, കോനിക്കര വിൻസന്റ്, പെരേപ്പാടൻ ഇഗ്‌നേഷ്യസ്, നയന ഷിജു, മുരിങ്ങത്തുപറമ്പിൽ ജോർജ്, സജി, തേക്കാനത്ത് രാജപ്പൻ എന്നിവരുടെ വീടുകളിലെ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മോട്ടർ എന്നിവ കത്തിനശിച്ചു.