വില്വമംഗലം പാടത്ത് വില്ലന്മാരായി ആറ്റക്കിളികൾ
Mail This Article
പുത്തൻചിറ ∙ വില്വമംഗലം പാടത്ത് കർഷകർക്കു തലവേദനായി ആറ്റക്കിളികൾ. നെൽച്ചെടികളിൽ നിന്നു കതിരുകൾ കൂട്ടമായി ഭക്ഷിക്കാനെത്തിയ പക്ഷിക്കൂട്ടങ്ങൾ വ്യാപക കൃഷിനാശമാണ് വരുത്തുന്നതെന്നു കർഷകർ പറയുന്നു. നൂറേക്കറോളം വിസ്തൃതമായ പാടത്ത് ഇപ്രാവശ്യം 90 ഏക്കറിൽ കൃഷിയുണ്ട്. സമീപ പാടശേഖരമായ നടുത്തുരുത്തിൽ കൊയ്ത്ത് കഴിഞ്ഞതോടെയാണ് ഇവ വില്വമംഗലം പാടത്തേക്ക് താവളം മാറ്റിയിരിക്കുന്നത്.
പാടത്തിനു നടുവിലൂടെ മോട്ടർ ഷെഡിലേക്കു വലിച്ചിരിക്കുന്ന വൈദ്യുതക്കമ്പിയിൽ കൂട്ടമായി വന്നിരിക്കുന്ന ഇവയെ തുരത്താൻ കർഷകർ പടക്കം പൊട്ടിക്കുകയും പാട്ടയിൽ കൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാര്യമില്ലെന്നും കർഷകർ പറയുന്നു. കതിർ വരുന്ന നെൽക്കതിരുകൾ മധുരമുള്ളതിനാൽ അടുത്തിടെ കൃഷിയിറക്കിയ പാടങ്ങളിലും സമാനമായ വിധം കൃഷിനാശം സംഭവിക്കുന്നുണ്ട്.
ആറ്റക്കിളികളുടെ കൂട്ടമായുള്ള ഇരതേടൽ നിമിത്തം നേരത്തെയും ഇവിടെ കൃഷി നശിച്ചിട്ടുണ്ടെന്നു കർഷകർ പറയുന്നു. കിളി ശല്യം ഒഴിവാക്കാനും കൃഷി നശിച്ചവർക്ക് സഹായം ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി പാടശേഖര സമിതി സെക്രട്ടറി പി.സി.ബാബു പറഞ്ഞു.