വെടിക്കെട്ട് നിയന്ത്രണം: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ
Mail This Article
തൃശൂർ ∙വെടിക്കെട്ട് നടത്തിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. സ്ഫോടകവസ്തു നിയമത്തിൽ അനുശാസിക്കുന്ന നിർദേശങ്ങൾക്കു വിരുദ്ധമാണു പുതിയ വിജ്ഞാപനം എന്നതു കണക്കിലെടുത്ത് പൂർണമായി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
പുതിയ നിർദേശങ്ങളും വ്യവസ്ഥകളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ വിജ്ഞാപനത്തിലെ പുതിയ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളിൽ വെടിക്കെട്ട് നടത്താൻ ജില്ലാ അഡീഷനൽ മജിസ്ട്രേട്ട് അനുമതി നിഷേധിച്ചിരുന്നു.
പൊലീസ്, ഫയർ, റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പരിഗണിച്ചായിരുന്നു എഡിഎമ്മിന്റെ നടപടി. സ്ഫോടകവസ്തു വിജ്ഞാപനപ്രകാരം തേക്കിൻകാട് മൈതാനത്തു ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാതെ വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യമില്ലെന്നായിരുന്നു ഫയർ ഓഫിസറുടെ റിപ്പോർട്ട്. അനുമതി നിഷേധിച്ചതു ദേവസ്വങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. സ്ഥിതി തുടർന്നാൽ പൂരം വെടിക്കെട്ടും മുടങ്ങുമെന്ന സാഹചര്യം ഉരിത്തിരിഞ്ഞതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.