പുതുക്കാട് സ്റ്റാൻഡിന് മുന്നിൽ വീണ്ടും അപകടം; സ്റ്റാൻഡിലേക്ക് തിരിഞ്ഞ സ്വിഫ്റ്റ് ബസ് ഓട്ടോയിലിടിച്ചു, 2 പേർക്ക് പരുക്ക്
Mail This Article
പുതുക്കാട് ∙ ദേശീയപാതയിൽ നിന്നും കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് തിരിഞ്ഞ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ കുഴിക്കാട്ടുശേരി റായ്പറമ്പിൽ സുജിത്(31), ഓട്ടോയിലെ യാത്രക്കാരനായ കുഴിക്കാട്ടുശേരി മാരാത്ത് ബ്രിജേഷ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
ചാലക്കുടി ഭാഗത്തു നിന്ന വന്ന ബസ് സ്റ്റാൻഡിലേക്ക് കടക്കുന്നിടത്താണ് അപകടം. ദേശീയപാതയിലൂടെ പോവുകയായിരുന്ന ഓട്ടോയിലാണ് ബസ് ഇടിച്ചത്. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ദേശീയപാതയിലെ ഏറ്റവും അപകടമേറിയ പ്രദേശമാണ് പുതുക്കാട് സ്റ്റാൻഡ് പ്രദേശം. അപകടങ്ങൾ ആവർത്തിച്ചിട്ടും നടപടിയെടുക്കാൻ മടിക്കുകയാണ് എൻഎച്ച്എഐ അധികൃതർ.
അപകടരഹിതമാക്കാൻ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നിർദേശിച്ച് പണം അനുവദിച്ച പദ്ധതികളും എൻഎച്ച്എഐയുടെ എൻഒസി ലഭിക്കാതെ പാഴാകുന്ന സ്ഥിതിയിലെത്തി. ദിവസേന ഇവിടെ അപകടങ്ങൾ നടക്കുന്നുണ്ട്. ഏതാനും പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസുകൾ സ്റ്റാൻഡിലേക്കും കയറുന്നതും ഇറങ്ങുന്നതും അപകടങ്ങൾ കൂട്ടുന്നുണ്ട്.
ഇത് ഒഴിവാക്കാൻ സ്റ്റാൻഡിനു എതിർവശത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ എംഎൽഎ തുക അനുവദിച്ചിരുന്നതാണ്. ഇത് നിർമിക്കുന്നതിനുള്ള നിരാക്ഷേപ പത്രവും അനുബന്ധ സൗകര്യങ്ങളും എൻഎച്ച്എഐ നൽകണം. ഇത് ലഭിക്കാനുള്ള കാലതാമസമുണ്ടാകുമ്പോഴും അപകടങ്ങൾ ആവർത്തിക്കുകയാണ്. നിസ്സംഗതയോടെ ഉദ്യോഗസ്ഥരും.