പുഴയോര സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി
Mail This Article
അന്നമനട ∙ പുഴയോരം വ്യാപകമായി ഇടിയുന്നതു തടയാനായുള്ള പാർശ്വഭിത്തിയുടെ നിർമാണം പൂർത്തിയായി. ചാലക്കുടി പുഴയിൽ ജലനിരപ്പ് കൂടുന്നതും കുറയുന്നതും അനുസരിച്ച് പ്രദേശവാസികളുടെ വീടും പറമ്പും പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നതു തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പാർശ്വഭിത്തി നിർമിച്ചത്. ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
എന്നാൽ, നിർമാണ സാമഗ്രികൾ അടക്കം പുഴയോരത്തേക്ക് എത്തിക്കാൻ കൂടുതൽ ചെലവും സാങ്കേതിക തടസ്സവും വരുമെന്നതിനാൽ കരാറുകാരൻ നിർമാണം ഏറ്റെടുക്കാൻ തയാറായില്ല. ഇതേ തുടർന്ന് തുക വർധിപ്പിച്ച് അനുമതി നേടിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, സ്ഥിരസമിതി അധ്യക്ഷൻ ടി.കെ.സതീശൻ, പഞ്ചായത്തംഗങ്ങളായ കെ.എ.ബൈജു, ഷീജ നസീർ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ സാമഗ്രികൾ വാഹനങ്ങളിൽ പുഴയോരത്ത് എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയതോടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായി. ശേഷിക്കുന്ന സ്ഥലത്ത് കയർ ഭൂവസ്ത്രം വിരിക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.