റിസ്വാനയ്ക്കും കുടുംബത്തിനും സ്നേഹവീട്ടിൽ സന്തോഷ പ്രവേശം
Mail This Article
കുന്നംകുളം ∙ പുതുവർഷസമ്മാനമായ സ്വപ്നവീട്ടിൽ പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിലാണ് ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ റിസ്വാനയും കുടുംബവും. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിച്ചിരിക്കുന്ന റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട് മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സഹപാഠിക്കു ഒരുക്കിയ സ്നേഹവീട്ടിൽ ഇന്നലെ ഗൃഹപ്രവേശം നടത്തി.
വെള്ളറക്കാട് കൊടക്കല്ല് മഠപ്പാട്ടുപറമ്പിൽ ഖാലിദിന്റെയും ജൂബൈരിയയുടെയും മകളാണ് റിസ്വാന. സഹോദരി റഹിയാനത്ത് ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. രക്ഷിതാക്കൾ ഇരുവരും പല അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലാണ്. ചെറിയ ഒറ്റമുറി വീട്ടിൽ കുടുംബം നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കിയാണ് നല്ല പാഠം പദ്ധതിയിൽ വീടു വയ്ക്കാൻ തീരുമാനിച്ചത്.
അധ്യാപകർ, അനധ്യാപകർ, പൂർവ വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്റ്, പിടിഎ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ മൂന്നര മാസത്തിനകം വീടിന്റെ നിർമാണം പൂർത്തിയാക്കാനായി. 2 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമുള്ള വീടിന് 11.50 ലക്ഷം രൂപയാണു ചെലവു വന്നതെന്നു നല്ല പാഠം കോ ഓർഡിനേറ്റർമാർ പറഞ്ഞു. തയ്യൽ തൊഴിലാളിയായ ഖാലിദിന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ ഫർണിച്ചറും വിദ്യാർഥികൾ നൽകി.
ഗൃഹപ്രവേശനച്ചടങ്ങിൽ ആശംസകളുമായി ബന്ധുക്കളും നാട്ടുകാരും അടക്കം ഒട്ടേറെ പേരാണ് എത്തിയത്. സഹപാഠികൾ, പിടിഎ ഭാരവാഹികൾ, പൊതുപ്രവർത്തകർ, സ്കൂൾ അധികൃതർ തുടങ്ങിയവർ ഉപഹാരം നൽകി. പുതിയ അടുക്കളയിൽ കാച്ചിയ പാലു കൊണ്ടുള്ള പായസം കുടുംബം എല്ലാവർക്കും സമ്മാനിച്ചു.