സർവീസ് റോഡുകൾ പൂർത്തീകരിക്കാതെ അടിപ്പാത നിർമാണം; ആമ്പല്ലൂർ വീണ്ടും കുരുക്കിൽ
Mail This Article
ആമ്പല്ലൂർ ∙ സർവീസ് റോഡുകൾ പൂർത്തീകരിക്കാതെ നടക്കുന്ന അടിപ്പാത നിർമാണം യാത്രക്കാരെ വലയ്ക്കുന്നു. ഇന്നലെ എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ ആമ്പല്ലൂരിലേക്കുള്ള ഗതാഗതക്കുരുക്ക് ടോൾപ്ലാസ കടന്നും നീണ്ടു. നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കത്തതും ജംക്ഷനിൽ വാഹനങ്ങൾ കടന്നുപോകാൻ കൂടുതൽ വീതിയൊരുക്കാത്തതുമാണ് കുരുക്കിന് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്.
അടിപ്പാത നിർമാണം നടക്കുന്നതിന്റെ 2 ഭാഗത്തുമുള്ള യൂടേണിലെ സൗകര്യക്കുറവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇതിനോടകം ശോച്യാവസ്ഥയിലായി. ഇതോടെ ഇവിടെ വാഹനങ്ങൾ ഇഴഞ്ഞു പോകുന്നത് പ്രശ്നമാണ് . ഇന്നലെ മിക്കപ്പോഴും പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വരെ വാഹന നിരയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ക്രിയാത്മക ഇടപെടലില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.