വിവരാവകാശ രേഖയ്ക്ക് 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫിസർ പിടിയിൽ
Mail This Article
മാടക്കത്തറ ∙ വിവരാവകാശ രേഖ ലഭിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ മാടക്കത്തറ വില്ലേജ് ഓഫിസറെ തൃശൂർ വിജിലൻസ് പിടികൂടി . കൊടകര സ്വദേശി പോളി ജോർജ് ആണ് താണിക്കുടം ഒറയാംപുറത്ത് ദേവേന്ദ്രനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. ദേവേന്ദ്രന്റെ അമ്മ ഭാരതിയമ്മയുടെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ റവന്യു വകുപ്പ് നിരസിച്ചിരുന്നു.
അപേക്ഷകയുടെ പേരിൽ മറ്റൊരു ഭൂമിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പട്ടയം നിഷേധിച്ചത്. എന്നാൽ മറ്റു ഭൂമിയുള്ളവർക്കും പട്ടയം കൊടുത്തത് ശ്രദ്ധയിൽപ്പെട്ട പരാതിക്കാരൻ ഇക്കാര്യങ്ങൾ സംബന്ധിച്ച രേഖകൾ ലഭിക്കാനാണു വിവരാവകാശ അപേക്ഷ നൽകിയത്. ഈ രേഖകൾ തിരച്ചിൽ നടത്തുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് വിഭാഗത്തെ അറിയിച്ചതിനെത്തുടർന്നാണു നടപടി.വിജിലൻസ് ഡിവൈഎസ്പി ജിം പോൾ, ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ്ഐമാരായ കെ.സി.ബൈജു, കമൽ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സൈജു സോമൻ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.