കൊടുങ്ങല്ലൂര് താലൂക്ക് ആശുപത്രി ബഹുനില കെട്ടിടം പൂർണ പ്രവർത്തനം ഇനിയും വൈകും
Mail This Article
കൊടുങ്ങല്ലൂർ ∙ താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും നിർമിച്ച ബഹുനില കെട്ടിടം പൂർണമായി സജ്ജമാക്കാൻ ഇനിയും വൈകും. 3500 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലായി നിർമിച്ച കെട്ടിടം ആദ്യ നില മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 13 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം വർഷങ്ങൾ പിന്നിട്ടിട്ടും ഉപയോഗിക്കാൻ കഴിയാത്തതു താലൂക്ക് ആശുപത്രിയുടെ ഭരണപരമായ വീഴ്ചയായി ആക്ഷേപമുയർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണു കാരണം. കഴിഞ്ഞ മാസം ജില്ലാ കലക്ടർ സന്ദർശിച്ച് ആവശ്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചു ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് അഗ്നി രക്ഷാ വിഭാഗം ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് പുതിയ നിർദേശം.
ബഹുനില കെട്ടിടത്തിന്റെ മുൻപിൽ രണ്ടു വർഷം മുൻപ് നിർമിച്ച ഷീറ്റു പാകിയ ഭാഗം പൊളിച്ചു നീക്കിയാലെ സുരക്ഷ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. നാഷനൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചു പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് ഇതു നിർമിച്ചത്.ആദ്യ ഘട്ടത്തിൽ ലിഫ്റ്റ് ഇല്ലാത്തതിനാലാണ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത്. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചു ലിഫ്റ്റും അനുബന്ധ പ്രവർത്തനങ്ങൾ സ്ഥാപിച്ചിരുന്നു. ഇതു സ്ഥാപിച്ചു അഗ്നി രക്ഷാ സേനാ വിഭാഗത്തിനു അപേക്ഷ നൽകിയപ്പോഴാണ് ഷീറ്റ് മേഞ്ഞ ഭാഗം അഴിച്ചുമാറ്റാൻ നിർദേശം നൽകിയത്. ഇൗ ആഴ്ച തന്നെ ഷീറ്റു മേഞ്ഞ ഭാഗം പൊളിച്ചു മാറ്റുമെന്നു താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.
കെട്ടിടം പൂർണ തോതിൽ യാഥാർഥ്യമാക്കാത്തതിനാൽ വർഷങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് നിർമിച്ചു നൽകിയ തീവ്ര പരിചരണ വിഭാഗം ഇതുവരെയും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ.ബേബിയുടെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി പ്രകാരം റോട്ടറി ക്ലബ്ബിന്റെയും വിവിധ മേഖലയിലുള്ളവരുടെയും സഹകരണത്തോടെയുള്ള ഡയാലിസിസ് യൂണിറ്റും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ജില്ലയിൽ ഏറ്റവും കുടുതൽ രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി.