തിരുമുക്കുളത്ത് വ്യാപാരിക്കും കുടുംബത്തിനും നേരെ ആക്രമണം
Mail This Article
കുഴൂർ ∙ തിരുമുക്കുളത്ത് വ്യാപാരിക്കും കുടുംബത്തിനും നേരെ 4 അംഗ സംഘത്തിന്റെ ആക്രമണം. ജംക്‌ഷനിൽ ബേക്കറി നടത്തുന്ന പാറേക്കാട്ട് ആന്റണി (60), ഭാര്യ കുസുമം, മക്കളായ അമർജിത്, അഭിജിത് എന്നിവരെയാണ് ആക്രമിച്ചത്. നാട്ടുകാരായ ഡേവിസ്, ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരെ മാള പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുഴൂർ യൂണിറ്റ് ഇന്നു രാവിലെ മുതൽ ഉച്ചയ്ക്ക് 2 വരെ കട അടച്ചിടും. ശനി രാത്രി 8.30നാണ് സംഭവം. ആന്റണിയുടെ ബേക്കറിക്കു മുൻപിൽ വച്ച് തിരുമുക്കുളം പള്ളി വികാരി ഫാ.ആന്റണി പോൾ പറമ്പേത്തിനോട് പ്രതികൾ തർക്കിക്കുകയും കാറിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്യുന്നതിനിടെ ആന്റണി ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആന്റണിയെയും മക്കളെയും പ്രതികൾ ബേക്കറിയിൽ അതിക്രമിച്ചു കയറി പഴക്കുലകൾ കൊണ്ടും ഇരുമ്പുവടി കൊണ്ടും സോഡാക്കുപ്പികൊണ്ടും ആക്രമിച്ചതായും ചില്ലു പാത്രങ്ങളും ചില്ലലമാരകളും അടിച്ചു തകർത്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് ആന്റണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചതായും ആന്റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശ നഷ്ടങ്ങളുണ്ടായതായും പരാതിയിലുണ്ട്. പരുക്കേറ്റ ആന്റണിയും കുടുംബവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
‘പ്രതികൾക്കെതിരെ നടപടിയെടുക്കണം'
തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ആന്റണി പോൾ പറമ്പേത്തിനെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും വ്യാപാരി ആന്റണിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പള്ളി തിരുനാൾ കമ്മിറ്റിയോഗം പ്രമേയം പാസാക്കി.